ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാലുഘട്ടങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയില്‍ പോരാട്ടം ശക്തമാണ്. മുഖ്യമന്ത്രി നവീന്‍ പട്നായിക് നേതൃത്വം നല്കുന്ന ബിജു ജനതാദളും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.
147 നിയമസഭാ മണ്ഡലങ്ങളും 21 ലോക്സഭാ മണ്ഡലങ്ങളുമാണ് ഇവിടെയുള്ളത്. മൂന്ന് ഘട്ടങ്ങളിലായി 105 നിയമസഭാ മണ്ഡലങ്ങളിലേക്കും 15 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇതിനകം പൂര്‍ത്തിയായി. ശേഷിക്കുന്ന 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ആറ് ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.
നവീന്‍ പട്നായിക് സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഒഡീഷയില്‍ സര്‍ക്കാര്‍ രൂപീകരണം സാധ്യമാക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. 2019ല്‍ ബിജെഡി 12, ബിജെപി എട്ടും കോണ്‍ഗ്രസ് ഒരു ലോക്സഭാ സീറ്റിലുമാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ ബിജെഡി 109, ബിജെപി 23, കോണ്‍ഗ്രസ് ഒന്‍പതും സിപിഐ ഒന്നും നാലു സീറ്റില്‍ സ്വതന്ത്രരുമാണ് വിജയിച്ചത്.
കാല് നൂറ്റാണ്ടായി തുടരുന്ന നവീന്‍ പട്നായിക് സര്‍ക്കാരിനെതിരെ വലിയ ഭരണ വിരുദ്ധ വികാരമാണ് ഒഡീഷയില്‍ അലയടിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, സമ്പദ് വ്യവസ്ഥ, കൃഷി തുടങ്ങിയ മേഖലകളില്‍ മറ്റു സംസ്ഥാനങ്ങള്‍ മുന്നേറിയപ്പോള്‍ ഒഡീഷയുടെ സ്ഥിതി പരിതാപകരമാണ്. ധാതുക്കള്‍ കൊണ്ട് സമ്പന്നമാണെങ്കിലും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തില്‍ ഒഡീഷ പിന്നോട്ടാണ്. അതേസമയം നവീന്‍ പട്നായിക് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ക്ക് കുറവുമില്ല. കഴിഞ്ഞ 25 വര്‍ഷം ഒഡീഷയുടെ നഷ്ടങ്ങളുടെ വര്‍ഷങ്ങളായാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ഡബിള്‍ എന്ജിന് സര്‍ക്കാരിനുമാത്രമെ ഒഡീഷയില്‍ വികസനം കൊണ്ടുവരാനാകൂവെന്നും ബിജെപി വ്യക്തമാക്കുന്നു.
ഒഡീഷയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. 147 അംഗ നിയമസഭയില്‍ 75 സീറ്റുകളും സംസ്ഥാനത്തെ 21 ലോക്സഭാ സീറ്റുകളില്‍ 16- 17 സീറ്റുകളും ബിജെപി നേടുമെന്നാണ് അമിത്ഷായുടെ വിലയിരുത്തല്‍. ഒഡീഷയുടെ വികസന മുരടിപ്പിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും പ്രധാനമന്ത്രിയോടുള്ള ജനപ്രീതിയും വിശ്വാസവും വോട്ടായി മാറും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നവീന്‍ പട്നായിക്കിനെ മുന്നില്‍ നിര്‍ത്തിയാണ് പ്രചാരണമെങ്കിലും കെ.വി. പാണ്ഡ്യന് എന്ന അദ്ദേഹത്തിന്റെ വിശ്വസ്തനിലേക്ക് അധികാരം എത്തപ്പെടുമെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: