കോട്ടയം: മുല്ലപ്പെരിയാറില് 2014ലെ സുപ്രീംകോടതി നിര്ദേശങ്ങള് നടപ്പാക്കണമെന്നും ജലനിരപ്പ് 152 അടിയാക്കി ഉയര്ത്തണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കര്ഷകര് പ്രധാനമന്ത്രിക്ക് 5 ലക്ഷം കത്തുകളയയ്ക്കുന്നു. മുല്ലപ്പെരിയാര് പ്രശ്നത്തില് കേന്ദ്രസര്ക്കാര് അടിയന്തര ഇടപെടല് നടത്തണമെന്നാണ് തമിഴ്നാട് കര്ഷകരുടെ ആവശ്യം. 5 ലക്ഷം കത്തുകളയയ്ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ലോവര്ക്യാമ്പില് നടന്നു.മുല്ലപ്പെരിയാറില് പുതിയ അണക്കെട്ട് നിര്മ്മിക്കാനുള്ള കേരളത്തിലെ ശ്രമത്തിനെതിരെ തമിഴ്നാട്ടിലെ പെരിയാര് വൈഗ ഇറിഗേഷന് കര്ഷകകൂട്ടായ്മ കഴിഞ്ഞദിവസം മാര്ച്ച് നടത്തിയിരുന്നു. പുതിയ അണക്കെട്ടിനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില് 2011 ലേതുപോലെ സമരം ശക്തമാക്കുമെന്ന് കര്ഷകര് കൂട്ടായ്മ പ്രസിഡന്റ് അന്വര് സിങ്കം മുന്നറിയിപ്പു നല്കി. പാലും പച്ചക്കറിയും ഉള്പ്പെടെ ഒരു ഉല്പന്നവും കേരളത്തിലേക്ക് എത്തിക്കില്ലെന്നും സിങ്കം വ്യക്തമാക്കി.
തമിഴ്നാട് ഫാര്മേഴ്സ് അസോസിയേഷന് കോണ്ഫെഡറേഷനും കഴിഞ്ഞദിവസം ഉതുമല്പേട്ട് മൂന്നാര് റോഡിലെ ചിന്നാര ചെക്ക് പോസ്റ്റ് ഉപരോധിച്ചിരുന്നു. ജൂണ് 13ന് കേരളത്തിലേക്കുള്ള റോഡുകള് ഉപരോധിക്കുമെന്നും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ജല ലഭ്യത ഉറപ്പാക്കാന് നടപടി ആവശ്യപ്പെട്ട് 21 ന് മധുര ഓഫീസ് ഉപരോധിക്കാനും സംഘടന ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: