പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയില്‍ നിന്ന് അതിയാന്ത്രികതയുടെ അധിഭൗതിക ജീവിതത്തിലേക്ക് ലോകം മാറിയതിന്റെ അനന്തര ഫലങ്ങളാണ് അതിവര്‍ഷവും അനാവൃഷ്ടിയുമായി മാറിമാറി എത്തി ജനജീവിതം ദുസ്സഹമാക്കുന്നത്.ഭാരതത്തില്‍ മാത്രമല്ല, പ്രകൃതിക്ഷോഭങ്ങളുടെ പ്രത്യാഘാതം നേരിടുന്നത്. മഴ വളരെക്കുറവുള്ള മണലാരണ്യങ്ങളില്‍പ്പോലും പെരുമഴ പെയ്ത് കുത്തൊഴുക്കും വെള്ളക്കെട്ടും ജീവഹാനിയും സംഭവിക്കുന്നു. ഈ സാഹചര്യത്തില്‍ നാം ഒന്നു മാറിച്ചിന്തിക്കാന്‍ സമയമായില്ലേ? എന്നും ലോകത്തിനു മാതൃക കാട്ടിയ വിജ്ഞാനഭൂമിയായ ഭാരതം തന്നെയല്ലേ ഇവിടെയും മാതൃക കാട്ടേണ്ടത്?
ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍ എന്നിവയ്‌ക്കു ഓരോ വ്യക്തിക്കും ചെയ്യാനാവുന്ന ചില പ്രതിരോധ മാര്‍ഗങ്ങള്‍ ഒന്നു പരിചയപ്പെടുത്തുകയാണ് ഇവിടെ:
1. മണ്ണില്‍ കിളിര്‍ത്തു പൊന്തുന്ന പുല്ലുകള്‍ ഭൂവസ്ത്രമാണെന്നു തിരിച്ചറിയണം. പുല്ലു വളര്‍ത്താവുന്ന ഇടങ്ങളില്‍ ഭൂമിയില്‍ സൂര്യപ്രകാരം നേരിട്ട് പതിക്കാത്ത വിധം മണ്ണിനെ വേനല്‍ ചൂടില്‍ നിന്നു സംരക്ഷിക്കുക. ഭക്ഷ്യയോഗ്യമായ സസ്യങ്ങളെ തിരിച്ചറിഞ്ഞ് ഉപയോഗിക്കുക. മണ്ണിനടിയിലെ ജലാംശം നീരാവിയായി പോകാതെ ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ച് കുടിവെള്ളം ഉറപ്പുവരുത്തുക. ഡാം മാനേജ്‌മെന്റ് കൃത്യമായി നടത്താന്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തുക.
2. കരിയില കത്തിക്കാതെ മണ്ണില്‍ പൊതയിട്ട് വളമാക്കി മാറ്റി മണ്ണിന്റെ ജൈവപുഷ്ടി കാത്തുസൂക്ഷിക്കുക.
3. പ്ലാസ്റ്റിക്ക് വലിച്ചെറിയാതിരിക്കുക. കത്തിക്കാതിരിക്കുക
4. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വയം ഉല്ലാദിപ്പിക്കുക. കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കുക. കുറഞ്ഞ ദൂരം സൈക്കിളിലോ കാല്‍നട ആയോ മാത്രം യാത്ര ചെയ്യുന്നത് ശീലമാക്കുക.
5. വാട്ടര്‍ ഫുട്ട് പ്രിന്റ് വളരെ കുറഞ്ഞ കൈത്തറി, ഖാദി വസ്ത്രങ്ങള്‍ ശീലമാക്കുക. പോളിയെസ്റ്റര്‍, സിന്തെറ്റിക് മില്‍ തുണികള്‍ ഒഴിവാക്കി സ്വയം കാര്‍ബണ്‍ ന്യൂട്രല്‍ ആവുക.
6. പ്രാദേശികതയിലാണ് ഭാവി എന്നു തിരിച്ചറിഞ്ഞ് പ്രാദേശിക ഉല്പന്നങ്ങള്‍ മാത്രം വാങ്ങുക. നാട്ടു ചന്തകളെ പ്രോത്സാഹിപ്പിക്കുക.
7. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കി കാര്‍ബണ്‍ എമിഷന്‍ വരുത്തി വീട്ടിലേക്കു വരുത്തുന്ന ഭക്ഷണ രീതി നിരുത്സാഹപ്പെടുത്തുക. നാട്ടു ഭക്ഷണ രീതികളിലെ നന്മയെ പ്രോത്സാഹിപ്പിക്കുക.
8. പരിസ്ഥിതി സൗഹൃദ പുനരുപയോഗ പാഡുകള്‍, ഡയാപ്പറുകള്‍ മാത്രം ഉപയോഗിക്കുക. നിര്‍മ്മിതികള്‍ പ്രകൃതി സൗഹൃദങ്ങളാക്കുക.
9. പ്ലാസ്റ്റിക്ക് കവറുകളിലെ പലവ്യഞ്ജനങ്ങള്‍ വാങ്ങാതിരിക്കുക. അവ വീട്ടിലേക്കു കൊണ്ടുപോകാന്‍ പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ക്കു പകരം തുണി, ചണ സഞ്ചികളോ എളുപ്പം മണ്ണില്‍ ലയിക്കുന്ന പേപ്പര്‍ ബാഗുകളോ മാത്രം ഉപയോഗിക്കുക.
നമ്മുടെ ജീവിത ശൈലി മാറിയതുകൊണ്ടാണ് കാലാവസ്ഥയും കീഴ്‌മേല്‍ മറിഞ്ഞത്. അതിനു പരിഹാരം ഒന്നേ ഉള്ളൂ. ഭാരതീയ സംസ്‌കൃതി മുന്നോട്ടു വച്ച ഉദാത്തമായ ജീവിത രീതിയിലേക്ക് ലോകം പരിവര്‍ത്തിപ്പിക്കപ്പെടുക. പ്രകൃതിയുടെ നഷ്ടതാളം വീണ്ടെടുത്തു ലോകസുരക്ഷ ഉറപ്പാക്കാന്‍ മറ്റു ലഘുപോംവഴികള്‍ ഒന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: