India

പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ ; ഇനി വിവേകാനന്ദപ്പാറയില്‍ ധ്യാനം

Published by

കന്യാകുമാരി : ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ എത്തി. തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ പ്രധാമന്ത്രി വിമാനമിറങ്ങിയത് നിശ്ചയിച്ചതിനേക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാണ്. ഇനി മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിലുണ്ടാകും.

കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം പ്രധാനമന്ത്രി ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് ബോട്ട് മാര്‍ഗം വിവേകാനന്ദ പാറയിലെത്തി അവിടെ ധ്യാനത്തിലിരിക്കും.

അനുകൂല കാലാവസ്ഥയായതിനാലാണ് വ്യോമസേന ഹെലികോപ്പ്റ്ററില്‍ അദ്ദേഹം കന്യാകുമാരിയിലേക്ക് പോയത്. മറ്റ് രണ്ട് ഹെലികോപ്റ്ററുകള്‍ അനുഗമിച്ചു. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാര്‍ഗം പോകാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

രണ്ടുമാസത്തിലേറെ നീണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയില്‍ എത്തുന്നത്. ഇവിടെ 45 മണിക്കൂര്‍ ധ്യാനമാണ് നിശ്ചയിച്ചിട്ടുളളത്.

പൊതുതെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിന്റെ പ്രചാരണം വ്യാഴാഴ്ച വൈകിട്ട് അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണമാണ്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക