വര്‍ക്കല: ലക്ഷ്യബോധമുള്ളവരായി വിദ്യാര്‍ഥികളെ വളര്‍ത്തുവാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ശിവഗിരി മഠത്തിന്റെ ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്വാമി.
വിദ്യയിലൂടെ മാത്രമേ മനുഷ്യര്‍ക്ക് ഉന്നതിയിലെത്തുവാനാകൂവെന്നാണ് ശ്രീനാരായണഗുരുദേവന്‍ ഉപദേശിച്ചത്. വിദ്യാര്‍ഥികളുടെ പഠന അഭിരുചി കണ്ടറിഞ്ഞ് അവര്‍ക്ക് തുടര്‍പഠന മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് പദ്ധതികളാവിഷ്കരിക്കാന്‍ ശിവഗിരി മഠം തയ്യാറാകുമെന്നും ഇതിനായി പ്രമുഖരായ അധ്യാപകരേയും മറ്റും ഉള്‍പ്പെടുത്തി സായാഹ്നക്ലാസ്സുകള്‍ ശിവഗിരിയില്‍ ആരംഭിക്കുമെന്നും സ്വാമി പറഞ്ഞു. ധര്‍മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ ആമുഖപ്രഭാഷണം നടത്തി.
സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നതിക്കായി ശിവഗിരി മഠം നടപ്പാക്കി വരുന്ന പദ്ധതികളില്‍ ഏറെ പ്രാധാന്യം വളര്‍ന്നുവരുന്ന കുട്ടികളുടെ പഠനകാര്യത്തിലാണെന്ന് സ്വാമി ശാരദാനന്ദ പറഞ്ഞു. ധര്‍മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വമാനവികതയുടെ മഹാപ്രവാചകനായിരുന്നു ഗുരുദേവനെന്നും കാണം വിറ്റും ഓണം ഉണ്ണണമെന്നുള്ള പഴയ ചിന്തയില്‍ നിന്നു മാറി കാണം വിറ്റും മക്കളെ ഉയര്‍ന്ന നിലയില്‍ പഠിപ്പിക്കണമെന്ന ചിന്ത ഉദിക്കണമെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു. സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി വിരജാനന്ദഗിരി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: