കൊച്ചി : അവയവക്കടത്ത് കേസ് അന്വേഷിക്കാൻ പോലീസ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസിൽ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനായാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്.
ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസറിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹൈദരാബാദിലെത്തിയത്.
ഹൈദരാബാദ് സ്വദേശിയെ കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഓരോ ഇടപാടിലും പ്രതികൾ 20 മുതൽ 30 ലക്ഷം വരെ ലാഭമുണ്ടാക്കിയെന്ന് വിലയിരുത്തൽ. 5 വർഷം നടത്തിയ ഇടപാടിൽ പ്രതികൾ 4 മുതൽ 6 കോടി രൂപ വരെ നേടിയിരിക്കാമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതികൾ നാല് പേരാണ്. ഇതിൽ രണ്ട് പേരാണ് ഇനി അറസ്റ്റിലാകാനുള്ളത്. മുഖ്യ പ്രതി സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്. രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായതോടെയാണ് മലയാളിയായ സബിത്ത് നാസർ അന്വേഷണ സംഘത്തിന്റെ റഡാറിലേക്ക് വരുന്നത്.
അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്.
ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരും വഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: