വിഷ്ണു അരവിന്ദ്
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തെലെത്തിയാല് ദളിതരെയും ന്യൂനപക്ഷങ്ങളെയും കൊന്നൊടുക്കുമെന്നതായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ 2014ല്‍ ഉയര്‍ത്തിയ പ്രധാനആരോപണങ്ങളില് ഒന്ന്. ഇന്ന് അത് സംവരണത്തിലേക്ക് മാത്രമായി ചുരുങ്ങിയെന്നതാണ് ആശാവഹമായകാര്യം. കാരണം മറ്റുള്ള ആരോപണങ്ങള്‍ പോലെ ഈ ആരോപണവും ഇല്ലാതാവുമെന്നതില്‍ സംശയമില്ല. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദോഷമല്ല പകരം നന്മ മാത്രമാണ് ചെയ്തത് എന്നതിനുള്ള ധാരാളം പ്രത്യക്ഷ ഉദാഹരണങ്ങള്‍ ഇന്ന് ജനങ്ങളുടെ മുന്പിലുണ്ട്. പട്ടിക വര്‍ഗ്ഗത്തിലെ ആദ്യ രാഷ്ട്രപതി മുതല്‍ മുത്തലാഖ് നിരോധനം വരെയുള്ള നിരവധി നടപടികള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനുള്ള മറുപടി ജനങ്ങള്‍ തന്നെ തെരഞ്ഞെടുപ്പിലൂടെ നല്കുമെന്നുള്ളത് സംശയാതീതമാണ്.
കോണ്‍ഗ്രസ്സും മത സംവരണവും
മൂന്നാം മോദി സര്‍ക്കാര്‍ ദളിത് സംവരണം അവസാനിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ്സും ഇന്‍ഡി സഖ്യവും ഇപ്പോള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. മുസ്ലിങ്ങളെ ഒബിസി സംവരണത്തിന്റ പരിധിയില്‍ കൊണ്ടുവരാനുള്ള ഇന്‍ഡി സഖ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും പദ്ധതികള്‍ പുറത്തായത് മറച്ചു പിടിക്കാനാണ് ബിജെപിക്കെതിരെ ഈ ആരോപണം കോണ്‍ഗ്രസ്സും സഖ്യകക്ഷികളും പ്രയോഗിക്കുന്നത്. കാരണം ഇന്‍ഡി സഖ്യത്തിന്റെ തന്ത്രങ്ങളെ ജനങ്ങള്ക്കുമുന്പില് പ്രധാനമന്ത്രി തുറന്നു കാട്ടിയിരുന്നു. അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കികൊണ്ട് 2010 മാര്‍ച്ചിനും 2012 മെയ് മാസത്തിനും ഇടയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. അതിലൂടെ 77 സമുദായങ്ങളില്‍ 75 മുസ്ലീം സമുദായങ്ങള്‍ക്കും മറ്റ് പിന്നാക്ക (ഒബിസി) വിഭാഗത്തില്‍പ്പെടുത്തി സംവരണം നല്‍കുകയാണ് മമത സര്‍ക്കാര്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനമാക്കിയാണ് മമത സര്‍ക്കാര്‍ സംവരണം നല്‍കിയെന്നതായിരുന്നു കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള ശ്രമങ്ങള്‍ ഇത് ആദ്യത്തേതല്ല. ആന്ധ്രാപ്രദേശില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ 2004 ജൂലൈ 11ന് ഇറക്കിയ ഉത്തരവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീങ്ങള്‍ക്ക് 5% സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരുന്നതിന് കാരണമായി. ജൂലൈ 15ന് പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു പ്രതികരിച്ചത് ‘ഇതൊരു പിന്തിരിപ്പന് നീക്കമാണ്. ഈ നടപടി ഉടനടി തിരുത്തിയില്ലെങ്കില്‍ 1947ല്‍ നമ്മുടെ മാതൃരാജ്യത്തിന്റെ ദാരുണമായ വിഭജനത്തിലേക്ക് നയിച്ച ദ്വിരാഷ്ട്ര സിദ്ധാന്തത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പുതിയ വര്‍ഗീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് കാരണമാകു’മെന്നായിരുന്നു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയും ആന്ധ്രാ സര്‍ക്കാരിന്റെ തീരുമാനത്തോട് ശക്തമായി എതിര്‍ത്തുകൊണ്ട് പറഞ്ഞത്, ‘രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ മുസ്ലീങ്ങള്‍ മാത്രമല്ല. ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷങ്ങളും ഉണ്ട്. അവരും മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം നാളെ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ എവിടെ പോകും’ മെന്നായിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്ന് പത്ത് ദിവസത്തിനകം ആന്ധ്രാപ്രദേശ് ഹൈക്കോടതി ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. എന്നാല്‍ ഇന്നും കോണ്‍ഗ്രസ് ഈ പദ്ധതികളുമായി മുന്പോട്ട് നീങ്ങുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട്
സംവരണത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് ഇന്ന് ഉന്നയിക്കുന്ന ആരോപണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ലയെന്ന് തന്നെ പറയേണ്ടി വരും. കാരണം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്ന നയങ്ങളും തീരുമാനങ്ങളുമാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒരു ദശാബ്ദമായി രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് മോദിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയ്ക്കെടുക്കാത്തത്. മാത്രമല്ല അറുപത് വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണം പിന്നാക്ക വിഭാഗക്കാരെ വീണ്ടും ദുര്‍ബലമാക്കുകയാണ് ചെയ്തത്. അതില്‍ നിന്നൊരു മോചനം ലഭിച്ചത് മോദിയുടെ പത്തു വര്‍ഷക്കാലയളവിലാണ്.
ഭാരതത്തിലെ ഒരു പ്രധാന വിഷയമാണ് ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം. സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ഭരണഘടനയുടെ അനുച്ഛേദം 15,16 വകുപ്പുകള്‍ ഉറപ്പുവരുത്തുന്ന ഈ അവകാശം നിഷേധിക്കുന്നതിനുപകരം അതിന്റെ വ്യാപ്തി കൂടുതല്‍ വിപുലമാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഇവയ്ക്ക് പുറമെ നിരവധി സാമൂഹിക ക്ഷേമ പദ്ധതികളും എസ്സി-എസ്ടി ഒബിസി അടക്കമുള്ള ദുര്‍ബല വിഭാങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ നടപ്പിലാക്കി. മെഡിക്കല്‍ വിദ്യാഭ്യാസമേഖലയിലെ മെഡിക്കല്‍/ഡെന്റല്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ 27 ശതമാനം സീറ്റുകള്‍ ഒബിസി വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും നല്കുവാന് മോദി സര്‍ക്കാര്‍ തീരുമാനം എടുത്തത് 2021 ലാണ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ ആവശ്യം നിറവേറ്റിയപ്പോള്‍ 5,500 ലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. മറ്റൊന്ന് ഒബിസി കമ്മീഷന് ഭരണഘടനാ പദവി നല്‍കിയുള്ള തീരുമാനമാണ്. 1993ല്‍ സ്ഥഥാപിതമായ ഒബിസി കമ്മീഷന് ഭരണഘടനാപദവി നല്കണമെന്നുള്ളത് ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു. അതാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇത് കൂടാതെ സൈനിക് സ്കൂളുകളിലും കേന്ദ്രീയ-നവോദയ വിദ്യാലയങ്ങളിലും ഒബിസിക്ക് 27 ശതമാനം സംവരണം മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ആര്‍എസ്എസും സംവരണത്തിന് അനുകൂലമായ നയമാണ് എപ്പോഴും സ്വീകരിക്കുന്നത്. ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ ഈ വിഷയത്തില്‍ 1981ല്‍ ഒരു പ്രമേയം പാസാക്കി. ‘നൂറ്റാണ്ടുകളായി വിദ്യാഭ്യാസ, സാമൂഹിക,സാമ്പത്തിക രംഗങ്ങളില്‍ പിന്നാക്കം നില്ക്കുന്ന നമ്മുടെ സഹോദരങ്ങളെ സമൂഹത്തിലെ മറ്റ് വിഭാഗങ്ങള്‍ക്ക് തുല്യമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ, സംവരണം തല്ക്കാലം തുടരേണ്ടത് ആവശ്യമാണെന്ന് ആര്‍എസ്എസ് കരുതുന്നു’ വെന്നാണ് പ്രമേയം പ്രസ്താവിച്ചത്. 2024 ഏപ്രിലില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും ‘വിവേചനം ഇല്ലാതാക്കാത്തിടത്തോളം സംവരണം നിലനില്‍ക്കണ’ മെന്നതാണ് സംഘത്തിന്റെ അഭിപ്രായമെന്നാണ് പ്രഖ്യാപിച്ചത്.
നിലവിലെ സംവരണം തുടരുമെന്നാണ് ബിജെപിയും പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ പ്രധാനമന്ത്രിയും തള്ളികളഞ്ഞു. ‘ബിജെപി സംവരണം അവസാനിപ്പിക്കുകയുമില്ല, അവസാനിപ്പിക്കാന്‍ ആരെയും അനുവദിക്കുകയുമില്ല’ന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. എന്നിട്ടും കോണ്‍ഗ്രസ് തങ്ങളുടെ വ്യാജ പ്രചരണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അവരുടെ യഥാര്‍ത്ഥ ലക്ഷ്യം ദുര്‍ബല വിഭാഗങ്ങളെ ശക്തിപ്പെടുത്തുകയെന്നതല്ല മറിച്ച് ഹിന്ദു സമൂഹത്തെ ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും ഭിന്നിപ്പിച്ചു വോട്ട് പിടിക്കുകയെന്നതാണ്.
സാമൂഹികക്ഷേമം ബിജെപിയുടെ ഗ്യാരന്റി
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ധാരാളം സഹായങ്ങള്‍ ലഭിച്ച കാലഘട്ടം കൂടിയായിരുന്നു മോദിയുടെ ഒരു ദശാബ്ദം. സമൂഹത്തിലെ ‘പ്രത്യേക ദുര്‍ബല ആദിവാസി വിഭാഗങ്ങ’ളുടെ ഉന്നമനത്തിനായി 24000 കോടി രൂപയാണ് 2023 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. സുരക്ഷിതമായ പാര്‍പ്പിടം, വിദ്യാഭ്യാസം, കുടിവെള്ളം, സുസ്ഥിര ഉപജീവന സാധ്യതകള്‍ എന്നിവ നല്‍കിക്കൊണ്ട് പ്രത്യേക ദുര്‍ബല ആദിവാസി സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. ഗോത്രവര്‍ഗ നേതാവ് ബിര്‍സ മുണ്ടയുടെ ജന്മദിനമായ ജന്‍ജാതിയ ഗൗരവ് ദിവസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വികസിത് ഭാരത് സങ്കല്പ് യാത്ര പ്രഖ്യാപിച്ചത്. ആദിവാസി മേഖലകളിലെ വിവിധ സര്‍ക്കാര്‍ ക്ഷേമ പരിപാടികളെക്കുറിച്ച് അവരില്‍ അവബോധം വളര്‍ത്തുകയെന്നതായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. ഇതുകൂടാതെ നിരവധി പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഈ രാജ്യത്തെ സാമൂഹികമായും സാമ്പത്തികമായും ദുര്‍ബലമായ വിഭാഗങ്ങളാണ്.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവരുടെ ഉന്നമനത്തിനും ദാരിദ്ര്യത്തില്‍ നിന്ന് മോചനം ലഭിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ ആവശ്യകത മോദി സര്‍ക്കാര്‍ മനസിലാക്കുകയും പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രധാന് മന്ത്രി ജന്‍ വികാസ് കാര്യക്രം ആരംഭിക്കുകയുണ്ടായി. ഇത് എസ്സി, എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കാന് ലക്ഷ്യമിടുന്നു. അതുപോലെ ഉന്നത വിദ്യാഭ്യാസം നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ ഫെലോഷിപ്പും കേന്ദ്ര സര്‍ക്കാര്‍ നല്കുന്നു. സ്കില്‍ ഇന്ത്യ മിഷനിലൂടെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. എസ്സി, എസ്ടി, വനിതാ സംരംഭകര്‍ക്ക് പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് ബാങ്ക് വായ്പ നല്‍കിക്കൊണ്ട് ആരംഭിച്ച സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ പദ്ധതിയും വിജയം കണ്ടു.
കോണ്‍ഗ്രസ് സ്വയം തിരുത്തണം
സത്യാവസ്ഥ ഇതൊക്കെയാണെന്നിരിക്കെ, വോട്ടിനായി രാജ്യത്ത് ഭീതി പരത്തുന്നത് ശരിയാണോയെന്നത് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണം. ഇത്തരത്തിലുള്ള നുണ പ്രചാരണം ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ ഭീതി പരത്തുവാന്‍ മാത്രമേ ഉപകരിക്കൂ. തത്ഫലമായി അവര്‍ മറ്റുള്ളവരില്‍ നിന്ന് അകലുന്നു. അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയുയര്‍ത്തും. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ജാതി സെന്‍സസ് നടത്തുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ഹിന്ദു സമൂഹത്തിലെ ജാതി ചിന്തയെ ആളികത്തിക്കാനും അതില്‍ നിന്ന് നേട്ടം കൊയ്യാനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ സംബന്ധിച്ചുള്ള വാദങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാതിയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്മാന് ഹന്സ്രാജ് അഹിര്‍ അപലപിച്ചതും മാപ്പ് പറയുവാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതും. ‘ജാതികളെക്കുറിച്ചുള്ള ബുദ്ധിശൂന്യമായ പ്രസ്താവനകളിലൂടെ രാജ്യത്ത് ഭിന്നിപ്പിന്റെ വിത്തുപാകാനാണ് രാഹുലും കോണ്‍ഗ്രസും ശ്രമിക്കുന്ന’തെന്നതാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സത്യത്തില്‍ അറുപതുവര്‍ഷം നീണ്ടു നിന്ന ഭരണകാലത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ, ഒബിസി വിഭാഗങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാതെയുള്ള ചരിത്രപരമായ തെറ്റിന് അവരോടുകൂടി മാപ്പുപറയുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും ഇപ്പോള്‍ ചെയ്യേണ്ടത്.
(ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: