ന്യൂദല്‍ഹി: നാവികസേനയുടെ ഭാഗമായി 26 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഭാരതവും ഫ്രാന്‍സും തുടക്കമിട്ടു. 40.000 കോടി രൂപയുടേതാണ് കരാര്‍. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ വിമാനവാഹിനി കപ്പലുകളുടെ പ്രഹരശേഷി പതിന്മടങ്ങാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഭാരതം കൂടുതല്‍ റഫാലുകള്‍ വാങ്ങുന്നത്.
ഐഎന്‍എസ് വിക്രമാദിത്യയിലും ഐഎന്‍എസ് വിക്രാന്തിലും നിലവിലുള്ള മിഗ് 29 കെ യുദ്ധ വിമാനങ്ങള്‍ക്ക് പകരമാണ് റഫാലുകള്‍ വിന്യസിക്കുക. ഇതോടെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഭാരത നാവികസേനയുടെ കരുത്ത് വര്‍ധിക്കും. ഈ വര്‍ഷം തന്നെ കരാര്‍ യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നലെ ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ദസോള്‍ട്ട് ഏവിയേഷന്‍ പ്രതിനിധികളും കേന്ദ്രപ്രതിരോധമന്ത്രാലയവുമായും നാവികസേനാ ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി മോദിയുടെ പാരീസ് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിരോധമന്ത്രാലയ ഏറ്റെടുക്കല്‍ സമിതി 26 റഫാല്‍ എം വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയിരുന്നു.
വ്യോമസേനയ്ക്കായി കരാറിലേര്‍പ്പെട്ട 36 റഫാല്‍ യുദ്ധവിമാനങ്ങളും ഫ്രാന്‍സ് ഭാരതത്തിന് കൈമാറിയതിന് പിന്നാലെയാണ് നാവികസേനക്കായി റഫാല്‍ വിമാനങ്ങള്‍ വരുന്നത്. 2016 സപ്തംബറില്‍ ഏര്‍പ്പെട്ട കരാര്‍ 59,000 കോടി രൂപയുടേതായിരുന്നു. വ്യോമസേനക്ക് നല്കിയ റഫാലില്‍ നിന്ന് നാവികസേനക്കായി വരുത്തിയ മാറ്റങ്ങളോടുകൂടിയ റഫാല്‍ എം (മറൈന്‍) വിമാനങ്ങളാണ് വാങ്ങുന്നത്. യുഎസിന്റെ എഫ് എ 18 സൂപ്പര്‍ ഹോണറ്റ് വിമാനങ്ങളെ മറികടന്നാണ് റഫാല്‍ എം വിമാനങ്ങള്‍ വാങ്ങാന്‍ കരാറാക്കുന്നത്. യുദ്ധ വിമാനഭാഗങ്ങളുടേയും പരിപാലനത്തിന്റെയും വലിയ തുക റഫാല്‍ എമ്മില്‍ കുറയ്ക്കാനാവും. നാവികസേനയ്ക്ക് 57 യുദ്ധവിമാനങ്ങളുടെ ആവശ്യകതയാണുള്ളത്. ഇത് പൂര്‍ണമായും റഫാല്‍ വിമാനങ്ങളാകുമോ എന്നതില്‍ നിലവില്‍ അന്തിമ തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: