അഹമ്മദാബാദ്: രാജ്കോട്ട് ഗെയിമിങ് സോണ്‍ ദുരന്തത്തിന് പിന്നാലെ കര്‍ശന നടപടിയുമായി ഗുജറാത്ത് സര്‍ക്കാര്‍. ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന 101 ഗെയിമിങ് സോണുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതില്‍ 20 എണ്ണം ഇതിനോടകം തന്നെ പൂട്ടിച്ചിട്ടുണ്ട്. സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെ ബാക്കിയുള്ള 81 ഗെയിമിങ് സോണുകള്‍ താത്കാലികമായി അടച്ചു.
എട്ട് പ്രധാന നഗരങ്ങളിലുള്ള ഗെയിമിങ് സോണുകള്‍ പൂട്ടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇവിടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രാജ്കോട്ടിലാണ് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഗെയിമിങ് സോണുകള്‍ ഏറ്റവും കൂടുതലുള്ളത്. ഇവിടെ 12 സോണുകളില്‍ എട്ടെണ്ണം സീല്‍ ചെയ്തു.
അഹമ്മദാബാദില്‍ അഞ്ച്, ജുനഗഡില്‍ നാല്, ഭാവ്നഗറില്‍ മൂന്ന് ഗെയിമിങ് സെന്ററുകള്‍ എന്നിവയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വഡോദരയിലെ 16 ഗെയിമിങ് സോണുകള്‍ താല്‍ക്കാലികമായി പൂട്ടി. ഇവയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. എല്ലാ സുരക്ഷാ നടപടികളും പാലിച്ചാല്‍ വീണ്ടും തുറക്കാമെന്നും ചീഫ് സിവിക് ഓഫീസര്‍ പറഞ്ഞു.
അതേസമയം, രാജ്കോട്ടില്‍ അപകടമുണ്ടായ ടിആര്‍പി ഗെയിമിങ് സോണിന്റെ സ്ഥാപകരില്‍ ഒരാളായ പ്രകാശ് ഹിരണ്‍ തീപ്പിടിത്തത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പ്രകാശ് ഹിരണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. അപകടം നടക്കുന്ന സമയം പ്രകാശ് സ്ഥലത്തുണ്ടായിരുന്നതായി സിസിടിവി ക്യാമറകളില്‍ നിന്ന് വ്യക്തമായിരുന്നു. തീപ്പിടിത്തത്തിന് ശേഷം പ്രകാശിനെക്കുറിച്ച് യാതൊരറിവുമില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന് ജിതേന്ദ്ര പരാതി നല്‍കിയിരുന്നു. തുടരന്വേഷത്തിലാണ് പ്രകാശ് മരിച്ചതായി വ്യക്തമായത്.
പ്രകാശ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗെയിം സോണ്‍ മാനേജര്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ഇരുപപത്തഞ്ചിലധികം പേരെ ചോദ്യം ചെയ്തു. നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: