കൊല്‍ക്കത്ത/ധാക്ക: റിമാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ മരിച്ചവരുടെ എണ്ണം 38 ആയി. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. മഴയില്‍ വീടുകള്‍ തകരുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തതോടെ നൂറുകണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് മിസോറാമില്‍ ആണ്. ആസാം, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളെയും സാരമായി ബാധിച്ചു. മിസോറാമില്‍ ഐസ്വാളിലെ മെല്തം, ഹ്ലിമെന്‍, ഫാല്കൗണ്, സേലം വെങ് മേഖലകളില്‍ 27 പേര് മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇതുവരെ 27 പേരുടെ മൃതദേഹങ്ങള്‍ ദുരിതാശ്വാസ സംഘം കണ്ടെടുത്തു. നഗരത്തില്‍ തിരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവര്‍ക്ക് 15 കോടി രൂപയും ദുരന്ത ബാധിതര്‍ക്ക് നാല് ലക്ഷം രൂപയും മുഖ്യമന്ത്രി ലാല്‍ദുഹോമ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആസാമില്‍ നാല് പേര് മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. ആസാമിലെ സോനിത്പൂര്‍ ജില്ലയില്‍ സ്കൂള്‍ ബസിനു മുകളില്‍ മരം വീണ് 12 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ബംഗ്ലാദേശിലും വന്‍ നാശമാണ് റിമാല്‍ വിതച്ചത്. മുപ്പതിനായിരത്തിലധികം വീടുകള്‍ തകര്‍ന്നു. പെട്ടെന്ന് രൂപം കൊള്ളുകയും ദീര്‍ഘ നേരം വീശിയടിക്കുകയും ചെയ്ത ഒരു ചുഴലിക്കാറ്റ് അടുത്തെങ്ങും രാജ്യത്തുണ്ടായിട്ടില്ലെന്ന് ബംഗ്ലാദേശിലെ കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും നേരം വീശിയടിച്ച ഒരു കാറ്റുണ്ടായിട്ടില്ല. 36 മണിക്കൂറാണ് റിമാല്‍ ബംഗ്ലാദേശില്‍ നിലകൊണ്ടത്. 2009ല്‍ ഐല ചുഴലിക്കാറ്റ് 34 മണിക്കൂര്‍ വീശിയടിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഇത്തരത്തില്‍ പെട്ടെന്ന് രൂപെകൊണ്ട്, ഏറെനേരം നിലനില്‍ക്കുന്ന കാറ്റുകള്‍ ഉണ്ടാകുന്നതെന്ന് ബംഗ്ലാദേശ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യേഗസ്ഥന് പറഞ്ഞു. ദശാബ്ധങ്ങളായി നിരവധിപ്പേരാണ് രാജ്യത്ത് ചുഴലിക്കാറ്റുമൂലം മരിച്ചത്. തീരപ്രദേശങ്ങളിലെ ജനവാസ മേഖലകളില്‍ വീശുന്ന ചുഴലിക്കാറ്റുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. 37.5 ലക്ഷം ജനങ്ങളെ റിമാല്‍ തുഴലിക്കാറ്റ് ബാധിച്ചു. 35,000ത്തിലധികം വീടുകള്‍ പൂര്‍ണമായും ഒരുലക്ഷത്തോളെ വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ബംഗ്ലാദേശിലെ മന്ത്രി മൊഹിബ്ബുര് റഹ്മാന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: