ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിലിരിക്കാന്‍ അനുമതി നല്‍കരുതെന്ന വിചിത്ര ആവശ്യവുമായി കോണ്‍ഗ്രസ്.
തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. ശെല്‍വ പെരുന്തകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മോദിയെ തടയണമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ധ്യാനത്തിനെത്തി നിശ്ശബ്ദ പ്രചാരണമാണ് മോദി ലക്ഷ്യമിടുന്നതെന്നും അതു തടയണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യം.
നാളെയാണ് മോദി കന്യാകുമാരിയില്‍ ധ്യാനത്തിനായി എത്തുന്നത്. മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂര്‍ ധ്യാനമിരിക്കും. തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 4.55 ന് കന്യാകുമാരിയില്‍ എത്തുന്ന മോദി അവിടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോകും.
എട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ അടക്കം രണ്ടായിരത്തിലധികം പൊലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെത്തുന്ന സാഹചര്യത്തില്‍ കന്യാകുമാരിയില്‍ സന്ദര്‍ശക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ ഒന്നിന് വൈകീട്ടോടെ ഡല്‍ഹിയിലേക്ക് തിരിക്കും. ഇന്ന് തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: