ആലപ്പുഴ: ‘ആവേശം’ സിനിമയുടെ ആവേശത്തില്‍ കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ തയാറാക്കി വാഹനം ഓടിച്ച യൂട്യൂബര്‍ സഞ്ജു ടെക്കിക്കും കൂട്ടര്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വാഹനം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ, കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ഡ്രൈവര്‍ സൂര്യനാരായണന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കലവൂര്‍ സ്വദേശി സഞ്ജു എന്ന സഞ്ജു ടെക്കി അടക്കം മൂന്ന് പേര്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഒരാഴ്ച സന്നദ്ധ സേവനം ശിക്ഷയായി നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്‍ അറിയിച്ചു.
ഈ മാസം 17നായിരുന്നു സംഭവം കെഎല്‍ 4 എആര്‍ 8741എന്ന തന്റെ ഏഴു സീറ്റുള്ള ടാറ്റാ സഫാരി കാറില്‍ സഞ്ജുവും സുഹൃത്തുക്കളും ചേര്‍ന്ന് മധ്യഭാഗത്തെ സീറ്റ് മടക്കി അവിടെ ടാര്‍പോളിന്‍ ഇട്ട ശേഷം ഇതില്‍ വെള്ളം നിറച്ച് സ്വിമ്മിങ് പൂളാക്കി മാറ്റി കാര്‍ ഓടിക്കുകയായിരുന്നു. ഇത് ഇവര്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു. അപകടകരമായ ഈ യാത്രക്കിടയില്‍ വാഹനത്തിലെ എയര്‍ ബാഗ് പൊട്ടി ടാര്‍പോളിനിലെ വെള്ളം പുറത്തേക്ക് ഒഴുകി. ആലപ്പുഴ പൂന്തോപ്പില്‍ വെച്ചായിരുന്നു ഇത് സംഭവിച്ചത്. തൊട്ടടുത്ത സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും അവരുടെ ജീവന് അപകടകരമായ രീതിയിലായിരുന്നു ഇവരുടെ ഡ്രൈവിങ്. ഇതിന്റെ ദൃശ്യം ചിലര്‍ ഗതാഗത കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു.
ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്റെ നേതൃത്വത്തിലുള്ള സംഘം 22 ന് വാഹനം പിടികൂടി അമ്പലപ്പുഴ ഓഫീസിലെത്തിച്ചു. വാഹന ഉടമ സഞ്ജു, ഡ്രൈവര്‍ സൂര്യനാരായണന്‍, അഭിലാഷ്, സ്റ്റാന്‍ലി എന്നിവര്‍ ക്കെതിരായാണ് നടപടി. ഇവരെ നാലു പേരെയും മലപ്പുറം എടപ്പാളില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ ജൂണ്‍ മൂന്നു മുതല്‍ പരിശീലനത്തിന് അയക്കും. ഇതിന് ശേഷം ഒരാഴ്ചക്കാലം ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ വാഹനാപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കായി സേവനം ചെയ്യാനും നിര്‍ദേശം നല്കി.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് കാറോടിച്ച കേസിലും പ്രതിയാണ് സഞ്ജു. താന്‍ പണം കൊടുത്തു വാങ്ങിയ വാഹനമായതിനാല്‍ തനിക്ക് എന്തും ചെയ്യാമെന്നായിരുന്നു സഞ്ജു പറഞ്ഞത്.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ് കെ. വര്‍മ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെപെക്ടര്‍മാരായ വരുണ്‍, ചന്തു എന്നിവരടങ്ങിയ സംഘമാണ് കാര്‍ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: