തിരുവനന്തപുരം: എസ്എപി, കെഎപി മൂന്നാം ബറ്റാലിയന് എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 461 പോലീസ് ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞ ചൊല്ലി സേനയുടെ ഭാഗമായി. തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി എസ്. ദര്‍വേഷ് സാഹിബ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒന്‍പതു മാസത്തെ വിദഗ്ധപരിശീലനം പൂര്‍ത്തിയാക്കിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പാസിങ് ഔട്ട് പരേഡില്‍ അണിനിരന്നത്. ശാരീരികക്ഷമതാ പരിശീലനവും ആയുധ പരിശീലനവും കൂടാതെ വിവിധ നിയമങ്ങളെക്കുറിച്ചും സൈബര്‍ കുറ്റകൃത്യങ്ങള്‍, ഫോറന്‍സിക് സയന്‍സ് എന്നിവ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ നല്കി.
എസ്. രതീഷ് മികച്ച ഓള്‍റൗണ്ടറായി. മികച്ച ഔട്ട്ഡോര്‍ ആയി എസ്.ജി. നവീനേയും ഇന്‍ഡോര്‍ ആയി ബി.ജെ. അഭിജിത്തിനേയും ഷൂട്ടറായി രാജ് രാജേഷിനേയും തിരഞ്ഞെടുത്തു. കെഎപി മൂന്നാം ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ മികച്ച ഓള്‍റൗണ്ടറായത് അനന്തു സാനുവാണ്. മികച്ച ഔട്ട്ഡോര്‍ ആയി സച്ചിന് സജീവിനേയും ഇന്‍ഡോര്‍ ആയി ജി. അനീഷിനേയും ഷൂട്ടറായി ആര്. സച്ചിനേയും തെരഞ്ഞെടുത്തു. ഇവര്‍ക്ക് മുഖ്യമന്ത്രി ട്രോഫികള്‍ സമ്മാനിച്ചു.
എസ്എപി ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ ഒരാള്‍ എംടെക് ബിരുദധാരിയും 30 പേര് ബിടെക് ബിരുദധാരികളുമാണ്. 15 ബിരുദാനന്തര ബിരുദധാരികളും 80 ബിരുദധാരികളും ഈ ബാച്ചില്‍ ഉണ്ട്. എംബിഎ, ബിബിഎ ബിരുദങ്ങളുള്ള രണ്ടുപേരുണ്ട്. കെഎപി മൂന്നാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നാലുപേര്‍ എംടെക് ബിരുദധാരികളും 35 പേര് എന്‍ജിനീയറിങ് ബിരുദധാരികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: