ഗുണ്ടാസല്‍ക്കാരത്തില്‍ ഡിവൈഎസ്പി പങ്കെടുത്തുവെന്നത് തീര്‍ച്ചയായും ഒരു പ്രധാനപ്പെട്ട വാര്‍ത്തയാണ്. പക്ഷേ വിരുന്നില്‍ ഡിവൈഎസ്പിയെ കണ്ട് റെയ്ഡിനെത്തിയ പോലീസ് ഞെട്ടിയെന്നൊക്കെ പറയുന്നത് വര്‍ത്തമാന കേരളത്തെ സംബന്ധിച്ചിടത്തോളം അതിശയോക്തിപരമാണ്. ഗുണ്ടകളും പോലീസും തമ്മില്‍ അത്രയ്ക്ക് ഗാഢമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ആരൊക്കെയാണ് ഗുണ്ടകളെന്നും, അവര്‍ എന്തൊക്കെ കുറ്റകൃത്യങ്ങളാണ് ചെയ്യുന്നതെന്നും ഏറ്റവും നന്നായി അറിയാവുന്നവര്‍ പോലീസുകാര്‍ തന്നെയായിരിക്കുമല്ലോ. എന്നിട്ടും ഇവരില്‍ ചെറിയൊരു ശതമാനം മാത്രമാണ് നിയമത്തിന്റെ പിടിയിലാവുന്നത്. പിടികൂടാന്‍ പോലീസ് എത്തുന്നുവെന്നറിഞ്ഞാല് ഗുണ്ടകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറും. തീര്‍ച്ചയായും ഈ വിവരങ്ങള്‍ ഗുണ്ടകള്‍ക്ക് ചോര്‍ന്നുകിട്ടുന്നത് പോലീസില്‍നിന്നുതന്നെ ആയിരിക്കുമല്ലോ. അപ്പോള്‍ പിന്നെ പോലീസ് നടത്തുന്ന ഗുണ്ടാവേട്ട എത്ര കണ്ട് ഫലപ്രദമായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. പോലീസിന്റെ രേഖയനുസരിച്ച് ഇപ്പോള്‍ കേരളത്തില്‍ 1700 ലേറെ ഗുണ്ടകളുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത് ശരിയായ കണക്കല്ല. ഇതിലും എത്രയോ ഇരട്ടിയായിരിക്കും ഗുണ്ടകളുടെ എണ്ണം. പോലീസിന്റെ കണക്കില്‍പ്പെടുന്നത് കേസുകളില്‍ പ്രതികളായ ഗുണ്ടകളായിരിക്കും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന നിരവധി പേര് ഇതിനു പുറത്തായിരിക്കും. ശരിയായ ഒരു കണക്കെടുത്താല്‍ സംസ്ഥാനത്തെ 50000 വരുന്ന പോലീസ് സേനയെക്കാള്‍ കൂടുതലായിരിക്കും ഗുണ്ടകള്‍. ഒരു പോലീസ് സ്റ്റേഷന്റെ പരിധിയില്‍ എത്ര ഗുണ്ടകളുണ്ടെന്നു മാത്രം നോക്കിയാല്‍ മതി. പോലീസുകാരെക്കാള്‍ കൂടുതലാണ് ഗുണ്ടകളെന്ന് അപ്പോള്‍ മനസ്സിലാവും.
ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള ‘ഓപ്പറേഷന് ആഗ്’ നടത്തുന്നതിനിടെയാണ് ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥനും പോലീസുകാര്‍ തന്നെയായ കൂട്ടാളികളും ഗുണ്ടകള്‍ ഒരുക്കിയ സല്‍ക്കാരത്തില്‍ പങ്കെടുത്തത്. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. ഇപ്പോള്‍ പിടിയിലായ ഡിവൈഎസ്പി റാങ്കിലുള്ള പോലീസുദ്യോഗസ്ഥന് മുന്‍പും വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ അച്ചടക്ക നടപടി നേരിട്ടിട്ടുള്ളയാളുമാണ്. പിന്നീടും ഇയാള്‍ക്ക് ഗുണ്ടാബന്ധം നിലനിര്‍ത്താന്‍ കഴിയുന്നുവെങ്കില്‍ പോലീസ് സംവിധാനത്തില്‍ അടിസ്ഥാനപരമായ ചില പിഴവുകള്‍ ഉണ്ടെന്നര്‍ത്ഥം. ഇയാളെ സംരക്ഷിക്കാന്‍ പോലീസിലും ഭരണത്തിലും ആളുകളുണ്ടെന്ന് വ്യക്തം. എന്തുകൊണ്ട് പോലീസുകാര്‍ക്ക് ഗുണ്ടകളെ പിടികൂടാനാവുന്നില്ല എന്നതിനുത്തരം ഇതിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പോലീസിന്റെ ലിസ്റ്റിലുള്ള 1800 ഗുണ്ടകളെ അറസ്റ്റു ചെയ്യാന്‍ സംസ്ഥാനത്തിന്റെ പോലീസ് മേധാവി നിര്‍ദേശിച്ചിട്ടും വെറും 107 പേരെ മാത്രമാണ് പിടികൂടാനായത്. കോടതികള്‍ ജാമ്യം റദ്ദു ചെയ്തവരാണിവര്‍. ഇതില്‍നിന്ന് പോലീസ്-ഗുണ്ട ബന്ധം ഏതുതരത്തിലുള്ളതാണെന്നും, ആരുടെ സംരക്ഷണമാണ് ഗുണ്ടകള്‍ക്ക് ലഭിക്കുന്നതെന്നും വ്യക്തമാണല്ലോ. 1700 ലേറെ ഗുണ്ടകളാണ് കൊലപാതകങ്ങളും മറ്റ് അക്രമപ്രവര്‍ത്തനങ്ങളും തട്ടിക്കൊണ്ടുപോകലുകളുമായി വിഹരിക്കുന്നത്. പോലീസിന്റെ വലയ്ക്കകത്തു തന്നെയാണ് ഇവരുള്ളതെന്ന് അങ്കമാലിയില്‍ ഡിവൈഎസ്പി പിടിയിലായ സംഭവം തെളിയിക്കുന്നു. ‘കാപ്പ’ ചുമത്തപ്പെടേണ്ടവര് കാക്കിയിട്ടാലുള്ള പ്രശ്നമാണിത്.
ഗുണ്ടാനേതാവിന്റെ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഡിവൈഎസ്പിയെ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സസ്പെന്‍ഡു ചെയ്തത് വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് എട്ട് വര്‍ഷമാവുകയാണ്. ഗുണ്ടകളുടെ സുവര്‍ണകാലമായിരുന്നു ഇത്. ഗുണ്ടകളുടെ എണ്ണവും അവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളും ഇക്കാലയളവില്‍ വന്‍തോതില്‍ വര്‍ധിക്കുകയാണുണ്ടായത്. ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണിത്. ഗുണ്ടകള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ അവര്‍ക്കുവേണ്ടി പരാതിക്കാരുമായി പോലീസുകാര്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ച സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതല്ല, ഗുണ്ടകളും പോലീസുകാരും രാഷ്ട്രീയ നേതാക്കളും തമ്മില്‍ ഒരു അവിശുദ്ധ സഖ്യം രൂപപ്പെട്ടിരിക്കുകയാണ്. ഗുണ്ടകളില്‍ പലരും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ്. ഇക്കാര്യത്തില്‍ ഭരണകക്ഷിയായ സിപിഎമ്മിന്റെ ട്രാക്ക് റെക്കോര്‍ഡ് കുപ്രസിദ്ധമാണല്ലോ. പോലീസിന്റെ രാഷ്ട്രീയവല്‍ക്കരണം ഗുണ്ടകള്‍ക്ക് അനുകൂലമായിത്തീരുന്നു. പോലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ വലിയൊരു വിഭാഗം സിപിഎമ്മുകാരാണ്. പോലീസ് അസോസിയേഷന്റെ തണലില്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇവര്‍ പ്രതിജ്ഞാബദ്ധമാണ്. പാര്‍ട്ടി നേതൃത്വം ഇടപെട്ടാല്‍ ഏതു ഗുണ്ടയെയും ഇവര്‍ സംരക്ഷിച്ചെന്നിരിക്കും. ആഭ്യന്തര വകുപ്പ് ഭരിക്കുന്നതുതന്നെ ഒരു പാര്‍ട്ടി നേതാവാണല്ലോ. പോലീസ് നിഷ്പക്ഷമാവുകയും ശക്തമായ നടപടികളെടുക്കുകയും ചെയ്താല്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനാവും. ജനങ്ങളും ഒപ്പം നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: