അനേകം നൂറ്റാണ്ടുകളിലൂടെ ക്രമാനുഗതമായി വികസിച്ചു വന്നതും ഇവിടുത്തെ വൈവിദ്ധ്യമാര്‍ന്ന മനുഷ്യസമൂഹങ്ങളുടേയും ചുറ്റുമുള്ള പ്രകൃതിയുടേയും സമസ്തമേഖലകളേയും ഉള്‍ക്കൊള്ളുന്നതുമായ ബൃഹദ് ഭണ്ഡാരമായിരുന്നു ഭാരതീയ വൈജ്ഞാനിക വ്യവസ്ഥിതിയെന്ന് ഇന്ന് അന്താരാഷ്ട്രതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാശ്ചാത്യബോധന സമ്പ്രദായങ്ങളില്‍ നിരന്തരം പരിശീലിപ്പിക്കപ്പെട്ട ഏതാനും തലമുറകള്‍ ഇവിടുത്തെ അധികാരപ്രക്രിയയില്‍ നിറഞ്ഞു നിന്ന കഴിഞ്ഞ ഏതാണ്ട് ഒരു നൂറ്റാണ്ടിലധികം കാലത്ത് ഈ പാരമ്പര്യ വിജ്ഞാനത്തെ അവമതിക്കുന്നതും തള്ളി പറയുന്നതുമായ പ്രവണത അതിശക്തമായിരുന്നു. കാരണം സാമ്രാജ്യത്വം അതിനു വേണ്ട ഒരു ഭരണവര്‍ഗ്ഗത്തെ പരിശീലിപ്പിച്ചത് തനതുവിദ്യാഭ്യാസ സമ്പ്രദായങ്ങളെ അവമതിച്ചു കൊണ്ടു കൂടിയായിരുന്നു.
പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ സാമ്രാജ്യത്വഅധീശത്വത്തെ സ്വാഭാവികമാക്കാനായി വൈവിദ്ധ്യമാര്‍ന്ന പൗരസ്ത്യബോധന ധാരകളേയും വൈജ്ഞാനിക ഉറവിടങ്ങളേയും അടിച്ചമര്‍ത്തികൊണ്ട് ഏകീകൃതമായ ഒരു പാശ്ചാത്യ വിദ്യാഭ്യാസ മാതൃക ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെങ്ങും സ്ഥാപിച്ചു. നഗരകേന്ദ്രീകൃതമായി ഘട്ടംഘട്ടമായാണ് അതിവിടെ നടപ്പിലാക്കിയതെങ്കിലും, ഒരു ചെറിയ കാലയളവിനുള്ളില്‍ തന്നെ ‘കാഴ്ച്ചയില്‍ സ്വദേശിയും കാഴ്ചപ്പാടില്‍ വൈദേശികനുമായ’ ഒരു മധ്യവര്‍ഗ്ഗ അധികാരിവര്‍ഗ്ഗത്തെ വാര്‍ത്തെടുക്കാന്‍ ആ പുതിയ വ്യവസ്ഥിതിക്ക് സാധിച്ചിരുന്നു. ഈ നാടിന്റെ യാഥാര്‍ത്ഥ്യങ്ങളെ പരോക്ഷമായി മാത്രം ഉള്‍ക്കൊള്ളാനാകുന്നതും സാമ്രാജ്യത്വത്തിന്റെ ലംബമാനമായ അധികാരസ്വഭാവങ്ങള് ശീലിപ്പിക്കുന്നതുമായ ആ വിദ്യാഭ്യാസ സമ്പ്രദായം രാഷ്ട്രീയസ്വാതന്ത്ര്യം നേടിയതിനു ശേഷവും ഇവിടെ നില കൊള്ളുകയും അതിനുമപ്പുറം വളരുകയും ചെയ്തു. അപരജനതയുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും അധമമെന്ന് വിലയിരുത്തിയ കാഴ്ചപ്പാട്, ഒരു ന്യൂനപക്ഷത്തിന് മാത്രം സമഗ്രവളര്‍ച്ച സാദ്ധ്യമാക്കുന്ന അവസ്ഥയാണ് സൃഷ്ടിച്ചത്. വൈദേശികാധിപത്യത്തെ പുറത്താക്കി ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും, സാമ്പത്തികമായ സ്വാധികാരം പോലും ബഹുഭൂരിപക്ഷം ജനതക്കും ഉറപ്പു നല്കാനാവാത്ത ദുരവസ്ഥ തുടരുന്നതിന്റെ മുഖ്യകാരണം പാശ്ചാത്യമാതൃകകളെ ഉത്തമമെന്ന് കണക്കാക്കി അന്ധമായി അതിവിടെ നടപ്പാക്കുന്ന വിദ്യാഭ്യാസ നയഭരണ വ്യവസ്ഥിതിയാണെന്ന് ചിലരെങ്കിലും തിരിച്ചറിയുന്നുണ്ട്.
എന്നാല്‍ നമ്മുടെ പൂര്വ്വികജ്ഞാനത്തെ അവമതിക്കാനായി കാലങ്ങള്‍ കൊണ്ടു വളര്‍ത്തിയെടുത്ത അബദ്ധവും അപകടകരവുമായ ഒട്ടനവധി ധാരണകള്‍ ഇവിടെ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. അതിനര്‍ത്ഥം പണ്ടുള്ളതെല്ലാം അതീവ മഹത്തരമായിരുന്നെന്ന് സ്ഥാപിക്കുകയല്ല; അനുഭവ, നിരീക്ഷണ, പരീക്ഷണങ്ങള്‍ക്കു ശേഷം കണിശമായ വിശകലനത്തിലൂടെ പൊള്ളയായ വാദങ്ങളെ തിരസ്ക്കരിക്കാനും കാമ്പുള്ള വസ്തുതകളെ കൂടുതല്‍ മൂര്‍ച്ചയുള്ള സൈന്ധാന്തികചിന്തകളിലേക്ക് പാകപ്പെടുത്താനുമുള്ള ശാസ്ത്രാവബോധം പൗരാണിക കാലത്തെ മനീഷികള്‍ക്ക് ഉണ്ടായിരുന്നു. പാരമ്പര്യമെന്നോ പൈതൃകമെന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ തന്നെ അതെല്ലാം അബദ്ധങ്ങളാണെന്ന് മാത്രം വിലയിരുത്തുന്ന മുന്‍വിധികള്‍ മാറ്റിവെച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം ഈയൊരു വിഷയത്തെ സമീപിക്കേണ്ടത്. മറുവശത്ത്, മതവിശ്വാസങ്ങളിലെയോ അല്ലെങ്കില്‍ പൈതൃകസ്വത്തായി നമുക്ക് കിട്ടിയ സാഹിത്യസൃഷ്ടികളിലെയോ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളുടെ ആകാരപ്രത്യേകതകളെയും എടുത്തുകാട്ടി ഭാരതത്തിന്റെ പൈതൃകജ്ഞാനത്തെ ഊതി പെരുപ്പിക്കുന്ന അല്പജ്ഞാനികളെ അവഗണിക്കാനുള്ള പക്വതയും പ്രകടിപ്പിക്കേണ്ടതുണ്ട്.
അതുകൊണ്ടും മാത്രമാകില്ല; പൊതുവെ അവഗണിക്കപ്പെട്ട ഒരു നീണ്ട കാലം ഉള്ളതിനാല്‍ നമ്മുടെ പൈതൃക വിജ്ഞാനത്തെ തിരികെ പിടിക്കുന്നതിന് ഭഗീരഥ പ്രയത്നത്തിന്റെ ആവശ്യകത കൂടെയുണ്ടെന്ന് പറയാതെ വയ്യ. വാമൊഴി പോലെയുള്ള അനൗപചാരിക മാര്‍ഗ്ഗങ്ങളിലാണ് അവയില്‍ പലതും നിലവില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. അവയെയെല്ലാം കഴിവതും രേഖപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല, വര്‍ത്തമാന സാഹചര്യങ്ങള്‍ക്ക് അനുരൂപമായി പൈതൃകജ്ഞാനത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് അന്വേഷിക്കുന്ന ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. നേരത്തേ സൂചിപ്പിച്ച പോലെ കൈകാര്യം ചെയ്യാന്‍ തയ്യാറായിട്ടുള്ള രൂപത്തിലല്ല, നിര്‍ഭാഗ്യവശാല്‍, ഭൂരിഭാഗം പാരമ്പര്യ വിജ്ഞാനവുമെന്നുള്ളത് വിസ്മരിക്കാനാകില്ല. അതിനായി വ്യക്തമായ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവുമുള്ള ദേശീയനയം തന്നെ രൂപീകരിക്കേണ്ടതുണ്ട്. നാനാ മേഖലകളിലുമുള്ള പാരമ്പര്യജ്ഞാനത്തെ കണ്ടെത്താനും വികസിപ്പിക്കാനും വര്‍ത്തമാന ജ്ഞാനമണ്ഡലവുമായി അതിനെ സംയോജിപ്പിക്കാനുമുള്ള ചട്ടക്കൂടുകള്‍ സാദ്ധ്യമാക്കാന്‍ സര്‍വ്വസ്പര്‍ശിയായ ഒരു ദേശീയനയം കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. ഇവിടെ വിഭാവനം ചെയ്യപ്പെടുന്നത് ഒരു ബൃഹദ് പദ്ധതിയായതിനാല്‍, ഒരു നയരേഖയുടെ ആധാരത്തില്‍ മാത്രമേ അതിനാവശ്യമായ സാമ്പത്തികസ്രോതസ്സുകളും സ്വകാര്യമേഖലയുടെ പിന്തുണയും അന്താരാഷ്ട്ര സഹകരണവും പ്രസ്തുത പരിപാടികള്‍ക്ക് ലഭ്യമാക്കാനാകുകയുള്ളൂ. അത്തരമൊരു സമീപനത്തില്‍ കൂടി മാത്രമേ ആവശ്യമായ മനുഷ്യവിഭവശേഷി സംഭരിച്ചു കൊണ്ട് നമ്മുടെ പൈതൃകജ്ഞാനത്തെ തിരിച്ചുപിടിച്ച് ഉപയുക്തമാക്കുന്നതിന് സാധിക്കുകയുള്ളൂ.
പക്ഷെ, ഇന്നലെകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ വര്‍ത്തമാന സാഹചര്യങ്ങളിലും അതിനനുസരിച്ചുള്ള മനുഷ്യാവശ്യങ്ങളും അഭിസംബോധന ചെയ്യുന്നതില്‍ ഭാരതത്തിന്റെ പൈതൃകവിജ്ഞാനം എത്രമാത്രം പ്രസക്തമാണെന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നു വന്നേക്കാം. ഇവിടെ ആദ്യം അംഗീകരിക്കേണ്ടത് ക്രമാനുഗതമായി വികസിച്ചു വരുന്ന ജ്ഞാനത്തിന്റെ ഇങ്ങേയറ്റത്തെ മുഖമാണ് നമ്മളിന്ന് കാണുന്നത് എന്നാണ്. ഭാഷയുടെ വികാസം പോലെ തന്നെയാണിതും (അതിനര്‍ത്ഥം പൈതൃകവിജ്ഞാനത്തില് ഭാഷ ഉള്‍പ്പെടുന്നില്ല എന്നല്ല). നിരന്തരമായ ഉപയോഗം കൊണ്ട് കാലാനുസൃതമായി വികസിക്കുകയും അങ്ങനെ കാലോചിതമായി ഉപയോഗപ്പെടുത്താവുന്നതുമാണ് ഏതൊരു ജ്ഞാനമണ്ഡലവും. ആ കാലപ്രവാഹത്തിലൊരു ഭംഗമുണ്ടായിട്ടുണ്ടെങ്കില്, തീര്‍ച്ചയായും അതിന്റേതായ പരിമിതികള്‍ അതിനുണ്ടായിരിക്കും. ആ വിടവുകളെ നികത്തുന്നതിലൂടെ മാത്രമേ അനിവാര്യമായ രീതിയില്‍ അതിനെ ഉപയോഗപ്രദമാക്കാനാവുകയുള്ളൂ.
ഉദാഹരണത്തിന്, ആധുനിക കാര്‍ഷികരീതികള്‍ മണ്ണിന്റെ മൂല്യശോഷണത്തിനും ജലദൗര്‍ലഭ്യത്തിനും പരിസ്ഥിതിനാശത്തിനും കാരണമാവുകയും ഭക്ഷ്യസുരക്ഷിതത്വത്തിന് തന്നെ ഭീഷണിയാകുമ്പോള്‍, വിളപര്യയത്തിലൂടെയും സമ്മിശ്ര കൃഷിയിലൂടെയും ജൈവവളവും കീടനാശിനിയും ഉപയോഗപ്പെടുത്തിയും സുരക്ഷിതമായ ഭക്ഷണം ഉറപ്പു വരുത്താനാകും. അതിനര്‍ത്ഥം ‘സുസ്ഥിര’കൃഷി യാഥാര്‍ത്ഥ്യമാകുന്നുവെന്നാണ്. കിണറും കല്ലുവെട്ടാങ്കുഴിയും കാവുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ പാരമ്പര്യരീതികളാണ്. അതുപോലെ ആധുനിക വൈദ്യശാസ്ത്രത്തിന് പരിഹരിക്കാനാകാത്ത അനവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രതിവിധി പാരമ്പര്യ ചികിത്സാരീതികളായ ആയുര്‍വേദ, സിദ്ധ, യുനാനി എന്നിവയ്ക്ക് സാധിക്കുന്നുണ്ട്. കൂടാതെ യോഗയും ധ്യാനവും കളരിപ്പയറ്റും സമ്പൂര്‍ണ്ണമായ ശാരീരികക്ഷമതയും ആരോഗ്യവും ഉറപ്പു വരുത്തുന്നുണ്ട്. അങ്ങനെ എന്തെല്ലാം സാദ്ധ്യതകളാണ് പാരമ്പര്യ വിജ്ഞാനത്തിന് വര്ത്തമാനസമൂഹത്തിനോട് പങ്കു വെക്കാനാകുക!
പ്രാദേശികമായ തനതുജ്ഞാനത്തിന്റെ പ്രാധാന്യത്തെ ലോകമാസകലം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, രാഷ്ട്രവികസനത്തില്‍ പാരമ്പര്യ വിജ്ഞാനത്തിന്റെ സാദ്ധ്യതകള്‍ കണ്ടെത്തി ഉപയോഗപ്പെടുത്തുന്ന നടപടികള്‍ ചൈനയും അമേരിക്കയും ഓസ്ട്രേലിയയും പോലുള്ള രാജ്യങ്ങള്‍ വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്നു. വൈകിയാണെങ്കിലും ഇന്ത്യയും ഒരു ചെറിയ ചുവടുവെപ്പ് ഈ ദിശയില്‍ നടത്തുകയുണ്ടായി.
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍കൊള്ളുന്ന രീതിയില്‍ അറിവ് സമ്പാദനത്തിനപ്പുറം, വിദ്യാഭ്യാസത്തിലുടെ നമ്മുടെ സംസ്കാരത്തിലൂന്നിയ ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയം-2020 വിഭാവനം ചെയ്തതും ദേശീയ തലത്തില്‍ നടപ്പിലാക്കി വരുന്നതും. അതിന്റെ അടിസ്ഥാനം തന്നെ ഒരു വ്യക്തിയുടെ ശാരീരികവും, ബൗദ്ധികവും, മാനസികവുമായ വികാസത്തോടൊപ്പം തന്നെ ആത്മീയ വികാസത്തിനും പ്രാധാന്യം നല്കുന്നു എന്നതാണ്.
ഭാരതീയതയുടെ ആത്മാവിന്റെ ഭാഗമായ ആത്മീയതയെയാണ് നാം മാറ്റിനിര്‍ത്തിയത്. വിദ്യാഭ്യാസത്തെ കേവലം അറിവു നേടുക, ജോലിക്ക് പ്രാപ്തനാക്കുക എന്ന പ്രക്രിയയില്‍ ഒതുക്കി നാം അവഗണിച്ചത് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമായ ആത്മീയ പരിണാമത്തെയാണ്. ബാലവാടിക പ്രീ െ്രെപമറി വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെയുള്ള പാഠ്യപദ്ധതി അദ്ധ്യാപനം, പഠനം, മൂല്യനിര്‍ണയം എന്നിവ മാറ്റത്തിന്റെ വഴിയിലാണ്. അതനുസരിച്ച് ബിരുദബിരുദാനന്തര തലത്തില്‍ ഓരോ വിദ്യാര്‍ത്ഥിയും പഠിക്കേണ്ടത് കുറഞ്ഞത് 5ശതമാനമെങ്കിലും ഭാരതീയ വൈജ്ഞാനിക വ്യവസ്ഥതിയിലെ കോഴ്സുകള്‍ ആയിരിക്കണമെന്നതുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അത്തരം മാറ്റങ്ങളെ ക്രീയാത്മകമായി കണ്ടു കൊണ്ട് സ്വീകരിക്കാന്‍ നമ്മുടെ സമൂഹത്തെ പ്രാപ്തരാക്കണം. അതിനു പകരം ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടക്കുന്ന ഇത്തരം ദീര്‍ഘവീക്ഷണത്തോടെയുള്ള മാറ്റങ്ങളെ കാവിവല്‍ക്കരണം, പിന്നോട്ട് നടക്കല്‍ എന്നിങ്ങനെ കണ്ണടച്ച് എതിര്‍ക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. സമീപ ഭാവിയില്‍ തന്നെ ദൂരവ്യാപകമായ അനുകൂല ഫലങ്ങളായിരിക്കും ഇതുമൂലം നമ്മുടെ സമൂഹത്തിനുണ്ടാവുക.
മനുഷ്യസമൂഹത്തിന്റെ ജ്ഞാനമണ്ഡലത്തില്‍ പകരം വെക്കാനാകാത്ത സംഭാവനകളാണ് ഭാരതീയ വൈജ്ഞാനിക വ്യവസ്ഥിതി ഗതകാലം കൊണ്ട് സമ്മാനിച്ചത്.
പ്രാകൃതപശ്ചാത്തലങ്ങളില് കഴിയുന്ന അപരിഷ്കൃത ജനതയായി ലോകത്തിലെ മറ്റു സമൂഹങ്ങള്‍ കഴിയവേ, അളന്നു കുറിച്ച രൂപരേഖയാല് പണിതുയര്‍ത്തിയ നഗരങ്ങള്‍ ഭാരതമണ്ണിന്റെ വിവിധ ഭാഗങ്ങളില്‍ തന്നെയുണ്ടായിരുന്നു. മേല്‍സൂചിപ്പിച്ച പോലെ ഈ നാടിന്റെ ആഴങ്ങളില്‍ നിന്ന് ഉറവ പൊട്ടി ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഉള്‍പ്പെടെ അനവധി മണ്ഡലങ്ങളിലായി പടര്‍ന്നു പന്തലിച്ച സമഗ്രമായ ആ വിജ്ഞാനലോകത്തിന്റെ അന്തര്‍ലീനവും അനിര്‍വ്വചനീയവുമായ സാദ്ധ്യതകളെ പരിപൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയാല്‍ നമ്മുടെ സമൂഹത്തിന്റെയും അതുവഴി ലോകത്തിന്റെയും സമഗ്രവും ആരോഗ്യകരവുമായ വളര്‍ച്ചയ്ക്ക് അതുള്പ്രേരകമായി വര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതാണല്ലോ നമ്മുടെ മന്ത്രം.
(ചിന്മയ വിശ്വവിദ്യാപീഠം കല്പിത സര്‍വ്വകലാശാലയില്‍ അധ്യാപികയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: