തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ ഡ്രൈവിങ് സംഘടനകളുടെ കൂട്ടായ്മ. സമരം ചെയ്തവരുമായി ഗതാഗത മന്ത്രി ഈ മാസം 15ന് നടത്തിയ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ പിന്മാറുന്നതായി ഡ്രൈവിങ് സ്കൂള്‍ ഓണേഴ്സ് കൂട്ടായ്മ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മളേനത്തില്‍ അറിയിച്ചു. ഇതോടെ ഡ്രൈവിങ് സ്കൂളുകാര് വീണ്ടും സമരത്തിലേക്ക് നീങ്ങുകയാണ്, ടെസ്റ്റുകളും മുടങ്ങും.
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കുലര്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും ചില വ്യവസ്ഥകള്‍ക്ക് താല്‍ക്കാലിക ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്ന് സമ്മര്‍ദ്ദം നടത്തി സമരം പിന്‍വലിപ്പിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് മോട്ടോര്‍വാഹന വകുപ്പും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉത്തരവ് ഇറങ്ങുമ്പോള്‍ എല്ലാം ശരിയാകുമെന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിച്ചതെന്ന് ഡ്രൈവിങ് സ്കൂളുകാര് പറഞ്ഞു.
ചര്‍ച്ച കഴിഞ്ഞ് സമരം പിന്‍വലിച്ച് ഒന്‍പത് ദിവസങ്ങള്‍ക്കുശേഷം ഇറങ്ങിയ ഉത്തരവ് ചര്‍ച്ചയിലെ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് മാത്രമല്ല ചര്‍ച്ചയില്‍ പരാമര്‍ശിക്കാത്ത ഡ്രൈവിങ് സ്കൂള്‍ മേഖലയെ തകര്‍ക്കുന്ന പലവ്യവസ്ഥകളും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു. ഇത് കടുത്ത നീതി നിഷേധവും ജനാധിപത്യ മര്യാദകളെ വെല്ലുവിളിക്കുന്നതുമാണ്. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ഗതാഗത വകുപ്പ് ഇനിയും പാലിക്കുമെന്ന് യാതൊരു വിശ്വാസവുമില്ലാത്തതിനാല്‍ മന്ത്രിയുമായി നടത്തിയ വ്യവസ്ഥകളില്‍ നിന്നു പിന്മാറുകയാണെന്ന് ഡ്രൈവിങ് സ്കൂള്‍ ഓണേഴ്സ് കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് ഭാവന പ്രസാദും ജനറല്‍ സെക്രട്ടറി നാസര്‍ ഉസ്മാനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: