ദുംക(ഝാര്‍ഖണ്ഡ്): നക്‌സല്‍ ഭീകരര്‍ക്ക് കവചമൊരുക്കുകയാണ് ഇന്‍ഡി മുന്നണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുംകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സീതാ സോറന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഝാര്‍ഖണ്ഡ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടത് നുഴഞ്ഞുകയറ്റമാണ്. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ് സംസ്ഥാനത്തെ ജെഎംഎം സര്‍ക്കാര്‍ ചെയ്യുന്നത്. ഗോത്രവര്‍ഗമേഖലയിലെ വനവാസി സമൂഹത്തെ തുടച്ചുനീക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. നമ്മുടെ പെണ്‍മക്കളുടെ സുരക്ഷ അപകടത്തിലാണ്. എന്തിനാണ് ഇന്‍ഡി മുന്നണിക്കാര്‍ ഈ ഭീകരരെ സംരക്ഷിക്കുന്നതെന്ന് മോദി ചോദിച്ചു.
ഇന്‍ഡി മുന്നണിക്കാരുടേത് പ്രീണനരാഷ്‌ട്രീയമാണ്. അവര്‍ ഭീകരരെ തുണയ്‌ക്കുന്നു. ഹിന്ദു-മുസ്ലീം ഭിന്നത സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്നു. ബിജെപി പാര്‍ശ്വവല്കരിക്കപ്പെട്ടവരുടെയും ദളിതരുടെയും പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. വനവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ത്തവരാണ് ഇന്‍ഡി മുന്നണിക്കാര്‍. അവര്‍ സ്വന്തം വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഗോത്രവര്‍ഗജനതയ്‌ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ അവര്‍ക്ക് താല്പര്യമില്ല. അവരെപ്പോള്‍ അധികാരത്തില്‍ വന്നാലും ഗോത്രസംസ്‌കൃതി അപകടത്തിലാവും. നക്‌സലിസവും പ്രീണനവും നുഴഞ്ഞുകയറ്റവും ആയുധമാക്കിയാണ് അവര്‍ വനവാസിജനതയ്‌ക്കെതിരെ കരുക്കള്‍ നീക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍ നക്‌സല്‍ ഭീകരത അതിന്റെ മൂര്‍ധന്യത്തിലെത്തിയിരുന്നു. യുവാക്കളുടെ ഭാവി വലിയ അപകടത്തിലായിരുന്നു, മോദി ചൂണ്ടിക്കാട്ടി.
എന്നെ അധികാരത്തില്‍ നിന്ന് മാറ്റിയിട്ട് അഴിമതി നടത്താന്‍ അവസരമൊരുക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. പാവങ്ങളെ കൊള്ളയടിക്കാന്‍ നിങ്ങള്‍ ഈ അഴിമതിക്കാരെ അനുവദിക്കുമോ? ജെഎംഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ഝാര്‍ഖണ്ഡിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്. മനോഹരങ്ങളായ ധാരാളം പര്‍വതങ്ങളുള്ള സംസ്ഥാനമാണിത്. എന്നാല്‍ ഇവര്‍ ചര്‍ച്ച ചെയ്യുന്നത് അഴിമതിപ്പണത്തിന്റെ പര്‍വതങ്ങളെക്കുറിച്ചാണ്. ഈ പണം എവിടെനിന്നാണ് വരുന്നത്. മദ്യ അഴിമതിയും കരാര്‍ കുംഭകോണവുമാണ് അവരുടെ പ്രധാന വരുമാനമാര്‍ഗം, മോദി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കാന്‍ തരുന്ന ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്ക്കുകയാണ് ജെഎംഎം സര്‍ക്കാര്‍. അവര്‍ ജനങ്ങളുടെ ഭക്ഷണപ്പാത്രത്തില്‍ കൈയിട്ടുവാരുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക