അമ്പലപ്പുഴ: നെല്ല് സംഭരിച്ച് ആറു മാസം പിന്നിട്ടിട്ടും പണം ലഭിച്ചില്ല. കൊയ്തെടുത്ത നെല്ലിന്റെ പണത്തിനായി ബാങ്കും പാഡി ഓഫീസും കയറിയിറങ്ങി മടുത്ത് ഒരു കൂട്ടം വനിതകള്‍. പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്തിലാണ് ലാവണ്യ കുടുംബശ്രീയിലെ 10 വനിതകളുടെ കൂട്ടായ്മയില്‍ നെല്‍കൃഷി ചെയ്തത്. പ്രാര്‍ത്ഥനാ സമാജത്തിന്റെ കീഴിലുള്ള നാല് ഏക്കറിലാണ് ഇവര്‍ രണ്ട് വര്‍ഷത്തെ പാട്ടക്കരാറില്‍ നെല്‍കൃഷി ചെയ്തത്. 1,12,000 രൂപയാണ് പാട്ടക്കൂലി. ഇതു കൂടാതെ കൃഷിച്ചെലവും കൊയ്ത്ത് കൂലിയും ഉള്‍പ്പെടെ ഒന്നര ലക്ഷം രൂപയോളം ചെലവായി.
ഒരു മണിക്കൂര്‍ നെല്ല് കൊയ്തെടുക്കാന്‍ യന്ത്രത്തിന് 2,400 രൂപയാണ് നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ 25 ന് സപ്ളൈകോക്ക് വേണ്ടി മില്ലുടമകള്‍ നെല്ല് സംഭരിച്ചു. 75 ഓളം ക്വിന്റല്‍ നെല്ലാണ് നല്‍കിയത്. എന്നാല്‍ നെല്ല് സംഭരിച്ച് ആറു മാസമായിട്ടും ഇതിന്റെ പണം ലഭിച്ചില്ല. സ്വര്‍ണം പണയം വെച്ചും പലിശയ്ക്ക് പണമെടുത്തുമാണ് ഈ വനിതകള്‍ നെല്‍കൃഷി ചെയ്തത്. കുടുംബശ്രീയുടെ പേരിലായതിനാല്‍ പണം നല്കാന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് സപ്ളൈകോയും പാഡി ഓഫീസും പറയുന്നത്. കുടുംബശ്രീയുടെ പേരില്‍ നെല്‍കൃഷി ചെയ്താല്‍ സബ്സിഡി ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞതു കൊണ്ടാണ് ഈ പേരില്‍ കൃഷി ചെയ്തതെന്ന വനിതകളും പറയുന്നു.
പണം ലഭിക്കാനായി പാഡി ഓഫീസും ബാങ്കും കയറിയിറങ്ങി ഇവര്‍ മടുത്തു. കഴിഞ്ഞ നെല്ല് സംഭരിച്ചതിന്റെ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെങ്കിലും വീണ്ടും ഈ പാടശേഖരത്ത് നെല്‍കൃഷി ആരംഭിച്ചിരിക്കുകയാണ് ഇവര്‍. ഇതിനായി പാടശേഖരത്ത് വെള്ളം കയറ്റിക്കഴിഞ്ഞു. നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും മാസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ കൊയ്ത നെല്ലിന്റെ പണം എന്ന് ലഭിക്കുമെന്ന ആശങ്കയിലാണ് ഈ വനിതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: