സമയമാണ് ആധുനിക കാലത്തിന്റെ പ്രധാന പ്രശ്നം. സാങ്കേതിക രംഗം വളര്‍ന്നപ്പോള്‍, മുന്‍പു ചെയ്തുപോന്ന പല പ്രവര്‍ത്തികള്‍ക്കുമുള്ള സമയം വളരെ ചുരുങ്ങി. മുന്‍
പു ചെയ്തിരുന്ന പലതും ഇന്നു മനുഷ്യനു ചെയ്യേണ്ടി വരുന്നതേയില്ല. എല്ലാം സാങ്കേതിക സംവിധാനങ്ങള്‍ നമുക്കായി ചെയ്തുതരും. വെള്ളം കോരേണ്ട, തുണി അലക്കേണ്ട, അരകല്ലില്‍ അരയ്‌ക്കേണ്ട, എഴുതണ്ടേ, നടക്കേണ്ട, ഭക്ഷണം പാകം ചെയ്യുകപോലും വേണമെന്നില്ല. എന്നിട്ടും പരാതി തീരുന്നില്ല. ഒന്നിനും നമുക്കു സമയമില്ലത്രെ. ഈ സമയക്കുറവ് ഏറെയും ബാധിക്കുന്നത് ഈശ്വര ചിന്തയേയും ജപത്തേയുമാണ്. സമയക്കുറവുമൂലം മാറ്റിവയ്‌ക്കാന്‍ പറ്റുന്നത് അതാണല്ലോ!
പോയകാലത്ത്, മേല്‍പ്പറഞ്ഞതൊക്കെ നമ്മുടെ കാരണവന്‍മാര്‍ സാങ്കേതിക സഹായമില്ലാതെ ചെയ്തു പോന്നതാണ്. അതിനൊപ്പം അവര്‍ കൃഷിയും നടത്തി. പുതിയ തലമുറയെ ഊട്ടിവളര്‍ത്തി. അതിനൊക്കെ അവര്‍ക്കു സമയം കിട്ടിയിരുന്നു. ഇതിന്റെയൊക്കെ കൂടെ ജപത്തിനും പ്രാര്‍ഥനയ്‌ക്കും പൂജാദികള്‍ക്കും സമയം വേറെ കണ്ടെത്തുകയും ചെയ്തിരുന്നു. ദിവസത്തിന് അന്നും ഇന്നും 24 മണിക്കൂര്‍ തന്നെയേയുള്ളു. അപ്പോള്‍ നമ്മള്‍ ഇന്നു സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലാഭിച്ച സമയമൊക്കെ എവിടെപ്പോയി?
ഇവിടെയാണ് മനസ്സിന്റെ സ്വസ്ഥതയ്‌ക്കും സമാധാനത്തിനും പ്രസക്തി. ഇന്ന് ടെന്‍ഷന്‍ എന്നും സ്ട്രെസ് എന്നും നാം വിശേഷിപ്പിക്കുന്ന മനസ്സമ്മര്‍ദത്തിനു ദിവസത്തിലെ നല്ലൊരു സമയം നീക്കി വയ്‌ക്കേണ്ടിവരുന്നു. എടുത്താല്‍ പൊങ്ങാത്ത ഭാരം മനസ്സില്‍ കുത്തി നിറച്ച്, കിട്ടാത്ത സമയത്തിന്റെ പേരില്‍ വ്യാകുലപ്പെടുകയാണ് ഇന്നത്തെ തലമുറ.
കാരണവന്‍മാര്‍ക്ക് എവിടെനിന്നു കിട്ടി സമയം? ജീവിത പ്രാരബ്ധങ്ങള്‍ ചുമന്നാണ് അവരും ജീവിച്ചത്. പക്ഷേ, ജപങ്ങളും പൂജാദികളും അവര്‍ക്ക് അവാച്യമായ അനുഭൂതിയും അതുവഴി മനസ്സമാധാനവും നല്‍കി. അതോടെ, ഭഗവാന്‍ സന്തത സഹചാരിയും സഹജീവിയുമാണെന്ന ബോധം മനസ്സില്‍ നിറഞ്ഞു. ഏതു പ്രശ്നത്തിനും അവിടെ പരിഹാരമുണ്ടാകുമെന്ന് വിശ്വസിച്ചു. ജീവിതഭാരം ഏറുമ്പോള്‍ പൂ ര്‍ണവിശ്വാസത്തോടെ അതില്‍ പകുതി ഭഗവാനെ ഏല്‍പ്പിച്ചു. തനിക്കു കഴിയുന്നതു ചെയ്തു തീര്‍ത്താല്‍, ബാക്കി ഭഗവാന്‍ പരിഹരിക്കുമെന്നു വിശ്വസിച്ചു. അതായത് ‘തനിക്കു പാതി, ഭഗവാനു പാതി’. അതാണു കാരണവന്‍മാര്‍ നമ്മോടു പറഞ്ഞത്: ‘താന്‍പാതി, ദൈവംപാതി’.
മനസ്സാണ് ശക്തി. ശാന്തമായ മനസ്സിനു ശക്തി ഇരട്ടിക്കും. ആ ശാന്തിയുടേയും സമാധാനത്തിന്റേയും നിര്‍മാണപ്പുരയാണ് ഭഗവല്‍ ചിന്തയും ജപങ്ങളും. ആ സമയം ഒരിക്കലും നഷ്ടമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: