ചെന്നൈ: ഏറ്റവും ശക്തിയേറിയ ബഹിരാകാശ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റ് വാണിജ്യ ഉപയോഗത്തിന് ലഭ്യമാക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. ചന്ദ്രയാന്‍ 2, ചന്ദ്രയാന്‍ 3 ദൗത്യങ്ങള്‍ക്കായി ഉപയോഗിച്ചത് ഈ റോക്കറ്റാണ്.
ബഹിരാകാശ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള നീക്കം നേരത്തെ ഐഎസ്ആര്‍ഒ ആരംഭിച്ചിരുന്നു. എല്‍വിഎം 3 റോക്കറ്റുകളുടെ നിര്‍മാണത്തിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ വിപണിയില്‍ ഭാരതത്തിന്റെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായി ഉപഗ്രഹവിക്ഷേപണങ്ങള്‍ക്ക് എല്‍വിഎം 3 റോക്കറ്റ് ലഭ്യമാക്കും.
ജിയോ സ്റ്റേഷണറി ഭ്രമണ പഥത്തിലേക്ക് 4000 കിലോഗ്രാം ഭാരമുള്ള പേലോഡ് വഹിക്കാനും ലോ എര്‍ത്ത് ഭ്രമണ പഥത്തിലേക്ക് 8000 കിലോഗ്രാം ഭാരമുള്ള പേലോഡ് വഹിക്കാനും ശേഷിയുള്ള ശക്തിയേറിയ റോക്കറ്റാണിത്.
എല്‍വിഎം 3 റോക്കറ്റ് നിര്‍മിക്കുന്നതിനായി സ്വകാര്യ കമ്പനിയുമായി 14 വര്‍ഷക്കാലം സഹകരിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. നേരത്തെ എസ്എസ്എല്‍വി റോക്കറ്റുകളും പിഎസ്എല്‍വിയും നിര്‍മിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. സ്വകാര്യ കമ്പനി നിര്‍മിച്ച ആദ്യ പിഎസ്എല്‍വി റോക്കറ്റ് ഈ വര്‍ഷം ആഗസ്തില്‍ വിക്ഷേപിച്ചേക്കും. എല്‍വിഎം 3 നിര്‍മാണ ജോലികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിടുകയും റോക്കറ്റിനെ വാണിജ്യ ഉപയോഗത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നതു വഴി പുതിയ നെക്സ്റ്റ് ജനറേഷന് ലോഞ്ച് വെഹിക്കിള്‍ (എന്‍ജിഎല്‍വി) നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കും.
എല്‍വിഎം 3 യേക്കാള്‍ ശക്തിയേറിയ റോക്കറ്റ് ആയിരിക്കും എന്‍ജിഎല്‍വി. ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയത്തിന്റെ നിര്‍മാണവും മനുഷ്യരെ ചാന്ദ്രനിലെത്തിക്കാനുമുള്ള ദൗത്യവും ലക്ഷ്യമിട്ടാണ് ഇത് നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: