India

കൗമാരക്കാരന്‍ കാറിടിപ്പിച്ച് കൊന്ന സംഭവം; ഡോക്ടര്‍മാര്‍ക്ക് പിന്നാലെ അസിസ്റ്റന്റും പിടിയില്‍, രക്തസാമ്പിൾ പരിശോധിക്കുന്നതിൽ തിരിമറി

Published by

പൂനെ: മഹാരാഷ്‌ട്ര പൂനെയില്‍ യുവ എന്‍ജിനീയര്‍മാരുടെ മരണത്തിനിടയാക്കിയ കാര്‍ അപകടക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേസിലെ പ്രതിയായ 17 കാരന്റെ രക്ത സാമ്പിളുകള്‍ മാറ്റി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. രക്ത പരിശോധന നടത്തിയ സസ്സൂണ്‍ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനായ അതുല്‍ ഘട്കാംബ്ലിയാണ് അറസ്റ്റിലായത്.

പതിനേഴുകാരന്റെ രക്തസാമ്പിള്‍ പരിശോധിക്കുന്നതില്‍ തിരിമറി നടത്തിയതിന് സസ്സൂണ്‍ ജനറല്‍ ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ഡോ. അജയ് താവരെ, സിഎംഒ ഡോ. ശ്രീഹരി ഹല്‍നോര്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോ. താവരെയുടെ അസിസ്റ്റന്റായിരുന്നു അതുല്‍.
വാഹനാപകടത്തെ തുടര്‍ന്ന് പരിശോധനക്കെത്തിച്ച പതിനേഴുകാരന്റെ രക്തസാമ്പിളുകള്‍ മാറ്റി മറ്റൊരാളുടേത് വെച്ചെന്നാണ് മൂവര്‍ക്കുമെതിരായ ആരോപണം.

ഡോ. താവരെയുടെ നിര്‍ദേശപ്രകാരമാണ് രക്തസാമ്പിളുകള്‍ മാറ്റിയത്. ശേഷം പതിനേഴുകാരന്റെ രക്തസാമ്പിള്‍ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചു. പതിനേഴുകാരന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് രക്തപരിശോധനാ ഫലത്തില്‍ പറഞ്ഞിരുന്നത്. ഇതില്‍ അന്വേഷണ സംഘത്തിന് സംശയം തോന്നി ഡിഎന്‍എ പരിശോധന നടത്തി. ഇതോടെയാണ് സാമ്പിളുകള്‍ മാറ്റിയത് പുറത്തുവരുന്നത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരേയും അന്വേഷണത്തിനായി 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ഈ മാസം 19 നാണ് അപകടമുണ്ടായത്. 17 കാരന്റെ വാഹനമിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് ഐടി പ്രൊഫഷണലുകളാണ് കൊല്ലപ്പെട്ടത്. പ്രതിയായ 17കാരന് ആദ്യം ജാമ്യം നല്കിയെങ്കിലും പിന്നീടത് പിന്‍വലിച്ച് ജൂണ്‍ 5 വരെ ജുവനൈല്‍ ഹോമില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ പ്രതിയുടെ മുത്തച്ഛനും അച്ഛനും അറസ്റ്റിലാണ്.

കേസിന്റെ തുടക്കത്തില്‍ പ്രതിയെ സംരക്ഷിക്കുന്നതിനായി ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തി. ഇതിനായി പ്രതിയുടെ കുടുംബാംഗങ്ങള്‍ ഒരു ഡ്രൈവറെയും ഹാജരാക്കിയിരുന്നു. എന്നാല്‍ സാക്ഷിമൊഴികളും മറ്റ് തെളിവുകളും പതിനേഴുകാരനെതിരായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by