മാവു(ഉത്തര്‍ പ്രദേശ്): സ്ത്രീകളെയും പെണ്‍മക്കളെയും വീടുകള്‍ക്കുള്ളില്‍ തളച്ചിടുകയാണ് ഇന്‍ഡി മുന്നണി മാനിഫെസ്റ്റോയുടെ ഉന്നമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ രാജ്യം ബാബാ സാഹേബ് ഭീംറാവു അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയിലധിഷ്ഠിതമായാണ് മുന്നോട്ടുപോകുന്നതെന്ന് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് യോഗി ചൂണ്ടിക്കാട്ടി. മുത്തലാഖ് പോലുള്ള അനാചാരങ്ങള്‍ മടക്കിക്കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഘോസി ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അരവിന്ദ് രാജ്ഭറിന് വേണ്ടി മാവുവില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
അവര്‍ പാരമ്പര്യനികുതിയെക്കുറിച്ച് പറയുന്നു. മുഗള്‍ ഭരണാധികാരി ഔറംഗസേബ് നടപ്പാക്കിയ ജസിയ തന്നെയാണ് ഇന്‍ഡി മുന്നണിക്കാരന്റെ പാരമ്പര്യ നികുതി. അവര്‍ താലിബാനി, ശരിയ നിയമങ്ങള്‍ നടപ്പാക്കുമെന്നാണ് പറയുന്നത്, യോഗി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു പതിറ്റാണ്ട് രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനം ഉയര്‍ന്നു. ആഗോളതലത്തില്‍ ഭാരതീയന്റെ ജീവിതനിലവാരത്തില്‍ മോദി സര്‍ക്കാര്‍ അഭിമാനകരമായ ഉയര്‍ച്ച കൊണ്ടുവന്നു. രാജ്യത്തെ സാധാരണക്കാര്‍ സ്വാശ്രയശീലരായി. മോദിജി എണ്‍പത് കോടി പേര്‍ക്ക് സൗജന്യ റേഷന്‍ നല്കി. അറുപത് കോടി പേര്‍ക്ക് ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്തി ആരോഗ്യപരിരക്ഷ ഉറപ്പാക്കി. പന്ത്രണ്ട് കോടി ആളുകള്‍ക്ക് കിസാന്‍ സമ്മാന്‍ നിധി നല്കി. പന്ത്രണ്ട് കോടി വീടുകള്‍ക്ക് ശുചിമുറികള്‍ നല്കി.
കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും നിഷേധാത്മക രാഷ്‌ട്രീയമാണ് നടത്തുന്നത്. അവര്‍ ഭഗവാന്‍ രാമനും രാഷ്‌ട്രത്തിനും എതിരാണ്. അവര്‍ ദളിത് ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു, യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: