പാലക്കാട്: ദുരിത ജീവിതത്തോടു പടവെട്ടി സിബിഎസ്ഇ പരീക്ഷയില്‍ അത്യുജ്ജ്വല വിജയം കൈവരിച്ച വിപിന്‍ദാസിന് സേവാഭാരതിയുടെ കൈത്താങ്ങ്. പുതിയ, അടച്ചുറപ്പുള്ള നല്ലൊരു വീടാണ് സേവാഭാരതി വിപിനു സമ്മാനിക്കുക.
സിബിഎസ്ഇ പരീക്ഷയില്‍ ഹൈദരാബാദ് റീജണില്‍ ഒന്നാം സ്ഥാനവും ഒന്നാം റാങ്കും നേടി വിജയിച്ച വിപിന്‍ദാസ്, കേരളം, ആന്ധ്ര, തെലങ്കാന, കര്‍ണാടക, ലക്ഷദ്വീപ് അടങ്ങിയ മേഖലയില്‍ 99.2 ശതമാനം മാര്‍ക്കാണ് നേടിയത്. ഓലയും ഷീറ്റും മേഞ്ഞ കുടിലില്‍ താമസിച്ചാണ് വിപിന്‍ വിജയക്കൊടി ഉയര്‍ത്തിയത്. ബിഎംഎസ് ചുമട്ടുതൊഴിലാളിയായിരുന്ന ശിവദാസന്റെയും പ്രിയയുടെയും രണ്ടു മക്കളില്‍ ഇളയവന്.
ശിവദാസന്റെ ഇടതുകാല് രണ്ടുമാസം മുമ്പാണ് മുറിച്ചുമാറ്റിയത്. നടക്കാന്‍ പരസഹായം വേണം. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരന് വിഷ്ണുദാസിന്റെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. അച്ഛന്റെ ചികിത്സയ്ക്കായാണ് വീടു വില്‍ക്കേണ്ടി വന്നത്. മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 10-ാം ക്ലാസിലും വിപിന്‍ മുഴുവന്‍ വിഷയത്തിലും എ വണ്‍ ലഭിച്ചിരുന്നു.
കഷ്ടപ്പാടുകള്‍ അറിഞ്ഞ വിപിന്‍ പഠനത്തില്‍ കൂടുതല്‍ ഊന്നലേകി. സിഎ പഠനത്തിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. ഒരു ജോലി നേടി, വീടുണ്ടാക്കി അച്ഛനെയും അമ്മയെയും സംരക്ഷിക്കണമെന്നാണ് വിപിന്റെ ആഗ്രഹം. പരീക്ഷയില്‍ ഉന്നത വിജയം നേടിയതറിഞ്ഞതോടെ വിവിധ സംഘടനകള്‍ സഹായ വാഗ്ദാനവുമായി വിപിന്റെ വീട്ടിലെത്തിയിരുന്നു.
‘തല ചായ്ക്കാന്‍ ഒരിടം’ എന്ന പദ്ധതിയില്‍പ്പെടുത്തി സേവാഭാരതിയും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേര്‍ന്നാണ് വീടു പണിതു കൊടുക്കുന്നത്.
സേവാഭാരതി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ.വി. വിജിത്ത്, ജില്ലാ സംഘടന സെക്രട്ടറി ടി. മണികണ്ഠന്, സേവാഭാരതി തച്ചമ്പാറ യൂണിറ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്, ജനറല്‍ സെക്രട്ടറി രാജേഷ്, ജോ. സെക്രട്ടറി സൂര്യനാരായണന്, ആര്‍എസ്എസ് തച്ചമ്പാറ മണ്ഡല് കാര്യവാഹ് കിരണ്‍, ആര്‍എസ്എസ് ഒറ്റപ്പാലം ജില്ല സഹകാര്യവാഹ് സി. ധനരാജ്, ബൗദ്ധിക് പ്രമുഖ് ഡോ. എം. ശബരി എന്നിവര്‍ വിപിന്റെ വീടു സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: