കുശിനഗര്‍(ഉത്തര്‍ പ്രദേശ്): ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊഴില്‍ നഷ്ടമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങും. തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും ആങ്ങളയും പെങ്ങളും വോട്ടിങ് യന്ത്രത്തിന്റെ തലയില്‍ വയ്ക്കും, അമിത് ഷാ ഉത്തര്‍ പ്രദേശിലെ കുശി നഗറില്‍ എന്‍ഡിഎ റാലിയില്‍ പറഞ്ഞു. ഇവിഎമ്മിനെ കുറ്റപ്പെടുത്താന്‍ വേണ്ടി രാഹുലിന്റെ ആളുകള്‍ ജൂണ്‍ നാലിന് ശേഷം പത്രസമ്മേളനം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ അഞ്ച് ഘട്ട വോട്ടെടുപ്പിന്റെ പൂര്‍ണവിവരങ്ങള്‍ എന്റെ കൈവശമുണ്ട്. പ്രധാനമന്ത്രി മോദി 310 സീറ്റിലേറെ നേടും. രാഹുല്‍ നാല്പതിലെത്തില്ല. അഖിലേഷ് യാദവിന് നാല് സീറ്റ് പോലും കിട്ടില്ല, അമിത് ഷാ പറഞ്ഞു.
ദരിദ്രമായ ചുറ്റുപാടില്‍ നിന്നാണ് മോദിജി വളര്‍ന്നത്. എന്നാല്‍ ഇന്‍ഡി മുന്നണിയുടെ ഷെഹ്സാദമാര്(രാഹുലും അഖിലേഷും) വായില്‍ വെള്ളിക്കരണ്ടിയുമായി വന്നവരാണ്. അവര്‍ക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അറിയില്ല. അവര്‍ക്ക് ഈ നാടിന്റെ കാലാവസ്ഥ പോലും ഇഷ്ടമല്ല, അതുകൊണ്ടാണ് രാഹുല്‍ ആറ് മാസം അവധിയെടുത്ത് തായ്ലന്ഡില് പോകുന്നത്. പൂര്‍വാഞ്ചലിന്റെ ചൂട് അവര്‍ താങ്ങില്ല. ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രധാനമന്ത്രി കഠിനാധ്വാനം ചെയ്യുമ്പോഴാണ് ഇവര്‍ ആഘോഷിക്കാന്‍ തായ്ലന്‍ഡിലേക്കും മറ്റും പറക്കുന്നത്.
മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഇക്കാലമത്രയും ചെലവിട്ട നരേന്ദ്രമോദി 25 പൈസയുടെ പോലും അഴിമതിയില്ലാത്ത നേതാവാണ്. എന്നാല്‍ രാഹുലും അഖിലേഷും പന്ത്രണ്ട് ലക്ഷം കോടിയുടെ അഴിമതിക്കറയുള്ളവരാണ്, അമിത് ഷാ ചൂണ്ടിക്കാട്ടി.
സമാജ് വാദി പാര്‍ട്ടിയുടെ കാലത്ത് ഉത്തര്‍ പ്രദേശില്‍ നടപ്പാക്കിയത് ഒരു ജില്ല ഒരു മാഫിയ പദ്ധതിയാണ്. എന്നാല്‍ ഇന്ന് ഒരു ജില്ല ഒരു ഉത്പന്നം എന്ന നിലയിലേക്ക് അത് മാറി. അവര്‍ അടച്ചുപൂട്ടിയ പഞ്ചസാര കമ്പനികള്‍ തുറന്നത് മോദി- യോഗി ഇരട്ട എന്ജിന് സര്‍ക്കാരാണ്.
പാകിസ്ഥാന്റെ ഭീഷണിയില്‍ നിന്ന്, നക്സല്‍ ഭീകരതയില്‍ നിന്ന്, കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തിയത് മോദിയുടെ നേതൃത്വമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: