മുംബൈ: കാന്‍സറിനോട് പൊരുതുന്നതിനിടയിലും ഭാരോദ്വഹനത്തില്‍ ഇരട്ടസ്വര്‍ണം സ്വന്തമാക്കി വേണുമാധവന്. അഖിലഭാരതീയ സ്വദേശി ഖേല്‍ അസോസിയേഷന് സംഘടിപ്പിച്ച മഹാരാഷ്ട്ര പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലാണ് മലയാളിയായ വേണുമാധവന്റെ നേട്ടം.
മാസ്റ്റേഴ്സ് 2, ബഞ്ച് പ്രസ് ഇനങ്ങളിലാണ് സുവര്‍ണനേട്ടം. നവ മുബൈ ചെമ്പൂര് ഹൈസ്കൂളില്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍ ഓഡിറ്റോറിയത്തിലായിരുന്നു മത്സരം. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കുന്ന വേണു അതിനിടയിലാണ് ചാമ്പ്യന്‍ഷിപ്പുകളിലും എത്തുന്നത്. കൊല്ലം മരുത്തടി സ്വദേശിയായ വേണുമാധവന് ശാരീരികക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് പവര്‍ലിഫ്റ്റിങ് പരീശീലനം തുടങ്ങിയത്. മത്സരവേദിയിലേക്ക് വൈകിയാണ് എത്തിയത്. എട്ട് വര്‍ഷം മുന്‍പ് മത്സരത്തിനായി പരിശീലനത്തിനിടയില്‍ പരിക്കേറ്റ് പരിശോധിക്കുമ്പോഴാണ് രക്താര്‍ബുദം മൂന്നാംഘട്ടത്തിലെത്തിയെന്ന് കണ്ടെത്തിയത്.
ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലന്നു പറഞ്ഞവരെ അതിശയിപ്പിച്ചാണ് അര്‍ബുദത്തെ മനക്കരുത്തുകൊണ്ട് വേണു നേരിട്ടത്. ജീവിതത്തിലേക്ക് മാത്രമല്ല ഭാരോദ്വഹനത്തിലേക്കും വേണു മടങ്ങിയെത്തി. ചെന്നൈ ജില്ലാ പവര്‍ലിഫ്റ്റിങ് 83 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി തിരിച്ചുവരവ് അടയാളപ്പെടുത്തി. തുടര്‍ന്ന് നിരവധി മത്സരങ്ങള്‍. ചെറുതും വലുതുമായി നിരവധി മെഡലുകള്‍. പലപ്പോഴും മെഡലുമായി നേരേ പോകുന്നത് കീമോയ്ക്കായി ആശുപത്രിയിലേക്ക്. അതിനിടെ ഇന്ത്യന്‍ പവര്‍ലിഫ്റ്റിങ് ഫെഡറേഷന് നടത്തിയ നാഷണല്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും വേണു മെഡല്‍ നേടി. 74 കിലോ വിഭാഗത്തില്‍ വെങ്കലം.
സൂപ്പര്‍ മാസ്റ്റേഴ്സ് ഗെയിംസ് ആന്‍ഡ് സ്പോര്‍ട്സ് ഫെഡറേഷന് ഗോവയില്‍ നടത്തിയ ദേശീയ മാസ്റ്റേഴ്സ് ഗെയിംസില്‍ പവര്‍ലിഫ്റ്റിങ് 50 വയസിന് മുകളില്‍ പ്രായമുള്ളവരുടെ 75 കിലോ വിഭാഗത്തില്‍ ഒന്നാമനായി. കൊച്ചിയില്‍ നടന്ന മാസ്റ്റേഴ്സ് ഗെയിമില്‍ 74 കിലോ വിഭാഗത്തില്‍ സ്വര്‍ണം. കേരള സ്റ്റേറ്റ് പവര്‍ലിഫ്റ്റിങ് അസോസിയേഷന് ഈ മാസം കൊച്ചിയില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പിലും മാസ്റ്റേഴ്സ് 2 വിഭാഗത്തില്‍ വേണുവിനായിരുന്നു സ്വര്‍ണം. കാന്‍സര്‍ തളര്‍ത്തിയ ശരീരം ഭാരം ഉയര്‍ത്താന്‍ വേണുവിന് തടസമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: