കൊല്‍ക്കത്ത: ബംഗ്ലാദേശ് എംപി അന്‍വറുല്‍ അസിം അനാറിനെ ഹണിട്രാപ്പില്‍പ്പെടുത്തി വധിച്ച കേസിലെ മുഖ്യ ആസൂത്രകന്‍ അക്‌റുസ്മാന്‍ നേപ്പാളില്‍ കടന്ന് പിന്നീട് ദുബായ് വഴി അമേരിക്കയിലേക്ക് കടന്നിരിക്കാമെന്ന് കൊല്‍ക്കത്ത പോലീസിന്റെ നിഗമനം.
ബംഗ്ലാദേശിലെ അവാമി ലീഗിലെ നേതാവുകൂടിയായി ചികിത്സക്കായി കൊല്‍ക്കത്തയില്‍ വന്നപ്പോഴാണ് സംഭവം. അന്വേഷണത്തിനായി ബംഗ്ലാദേശ് പോലീസ് സംഘം കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തി. ബംഗാള്‍ പോലീസിന്റെ സിഐഡി വിഭാഗം അറസ്റ്റു ചെയ്ത പ്രതികളെ ചോദ്യം ചെയ്യാനും അനാര്‍ താമസിച്ചിരുന്ന ബാരാഗനഗര്‍ സന്ദര്‍ശിക്കാനും സംഘം അനുമതി തേടിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സിഐഡിക്ക് ലഭിച്ചിട്ടുള്ള എല്ലാ തെളിവുകളും ബംഗ്ലാ പോലീസിനു കൈമാറുമെന്നും സിഐഡി വിഭാഗത്തിന്റെ വക്താവ് അറിയിച്ചു. ഈ മാസം 12ന് ചികിത്സയ്‌ക്കായി കൊല്‍ക്കത്തയിലെത്തിയ അനാറിനെ 13 മുതലാണ് കാണാതായത്. സുഹൃത്തായ ഗോപാല്‍ ബിശ്വാസിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ യുഎസ് സ്വദേശിയായ മറ്റൊരു സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റില്‍വച്ചാണ് അവസാനമായി കണ്ടത്. ഇവിടെവച്ച് അനാര്‍ കൊല്ലപ്പെട്ടതായി പിന്നീട് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ ഭാരതത്തിലും അഞ്ചുപേര്‍ ബംഗ്ലാദേശിലും അറസ്റ്റിലായിട്ടുണ്ട്.
അനാറിന്റെ ഉറ്റസുഹൃത്തും ബിസിനസ് പങ്കാളിയുമായ അമേരിക്കന്‍ പൗരന്‍ അക്തറുസ്മാനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്കിയത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വെട്ടിനുറുക്കി എല്ലും മാംസവും തൊലിയും വേര്‍തിരിച്ച് കൊല്‍ക്കത്തയില്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചെന്നു കരുതുന്ന അനാറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: