മനുശ്യശരീരത്തെ നമ്മുടെ പൗരാണിക ഋഷികള്‍ ഈ പ്രപഞ്ചത്തിന്റെ സാദൃശ്യങ്ങള്‍ മുഴുവനും ഒത്തിണങ്ങിയ ഒരു പ്രതീകമായിട്ടാണ് ദര്‍ശിച്ചത്. ഈ മാനുഷിക ശരീരത്തിന്റെ സൃഷ്ടിയില്‍ ഈശ്വരശക്തി വിവിധ തലങ്ങളിലൂടെ ഭൗതിക ശരീരം വരെ (Physical body) ഇറങ്ങിവരുന്ന വിവിധതലങ്ങള്‍ ആറെണ്ണമുണ്ട്.
ആദ്യത്തേത്, ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രവും, രണ്ടാമത്തേത്് കണ്ഠത്തിലുള്ള വിശുദ്ധിചക്രവും, മൂന്നാമത്തേത്് ഹൃദയഭാഗത്തുള്ള അനാഹതചക്രവും, നാലാമത്തേത് നാഭിക്കുപിന്നിലുള്ള മണിപൂരകചക്രവും, അഞ്ചാമത്തേത് ലിംഗമൂലത്തിലുള്ള സ്വാധിഷ്ഠാനചക്രവും ആറാമത്തേത് അതിനുമടിയിലുള്ള മൂലാധാരവുമാണെന്ന് യോഗശാസ്ത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചക്രങ്ങള്‍ ഭൗതികാവയവങ്ങള്‍ അല്ല സൂക്ഷ്മ ശരീരത്തിലുള്ളവയാണെന്നും ഓര്‍ക്കേണ്ടതുണ്ട്. കണ്ഠസ്ഥമായ വിശുദ്ധിചക്രത്തിന്റെ പതിനാറ് ദളങ്ങള്‍ ‘അ’ മുതല്‍ ‘അഃ’ വരെയുള്ള പതിനാറ്് സ്വരാക്ഷരങ്ങളുടെ സ്പന്ദന വിശേഷങ്ങള്‍ ഉള്‍ക്കൊണ്ടവയാണ്.
അതുപോലെ ഹൃദയസ്ഥാനത്തുള്ള അനാഹതചക്രം ക, ഖ, ഗ, ഘ, ങ, ച, ഛ, ജ, ഝ, ഞ, ട, ഠ എന്നീ പന്ത്രണ്ട് വ്യഞ്ജനാക്ഷര ങ്ങളുടേയും അതിനടിയിലുള്ള മണിപൂരകചക്രം ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ എന്നീ പത്ത് അക്ഷരങ്ങളുടേയും സ്വാധിഷ്ഠാനചക്രം ബ, ഭ, മ, യ, ര, ല എന്നീ ആറ് അക്ഷരങ്ങളുടേയും മൂലാധാരചക്രം വ, ശ, ഷ, സ എന്നീ നാലക്ഷരങ്ങളുടേയും, ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രം ഹ, ക്ഷ, എന്നീ രണ്ടക്ഷരങ്ങളുടേയും സ്പന്ദന വിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇവയ്ക്കെല്ലാമുപരി തലച്ചോറിന്റെ ഉപരിതലത്തിലുള്ള സഹസ്രദളപത്മത്തില്‍ ഈ അമ്പത് അക്ഷരങ്ങളുടേയും ആവര്‍ത്തനങ്ങള്‍ വീണ്ടും വരുന്നു. നാം ഉച്ചരിക്കുന്ന ഏതു ശബ്ദവും ഈ അക്ഷരമാലക്കകത്ത്് ഉള്‍പ്പെടണമല്ലോ. അങ്ങനെ യോഗപരമായ സാധനചെയ്ത് സിദ്ധിവന്നതിനുശേഷം ഇച്ഛാ ശക്തി പൂര്‍ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്നതായ ഓരോ ശബ്ദവും അതത് ചക്രത്തിലെ അതത് ദളങ്ങളെ പ്രചോദിപ്പിക്കുന്നവയാണ്.
(മാധവ്ജിയുടെ ക്ഷേത്രചൈതന്യ രഹസ്യം ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: