പോര്‍ട്ട് മൊറെസ്ബി: പാപുവ ന്യൂഗിനിയയില്‍ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടായിരത്തോളം പേര് ജീവനോടെ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. പാപുവ ന്യൂഗിനിയ ദേശീയ ദുരന്ത നിവാരണ സെന്റര്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. അപകടം രാജ്യത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ആയിരത്തോളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് വിവരം.
തലസ്ഥാനമായ പോര്‍ട്ട് മൊറെസ്ബിയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ എന്‍ഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മുന്‍ഗ്ലോ പര്‍വതത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. ഉറക്കത്തിനിടയിലായിരുന്നതിനാല് ഭൂരിഭാഗം പേര്‍ക്കും രക്ഷപ്പെടാനായില്ല. ഇത് മരണസംഖ്യ ഉയരാന്‍ കാരണമായി. ഒട്ടേറെ കെട്ടിടങ്ങളും വയലുകളും ഇല്ലാതായെന്നും രാജ്യത്തിന്റെ സാമ്പത്തികമേഖലയെ ദുരന്തം ബാധിച്ചെന്നും ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.
നാലു ദിവസം പിന്നിട്ടെങ്കിലും ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും ഭീഷണിയുയര്‍ത്തുന്നു. ഇവിടെ വൈദ്യുതിയും ഗതാഗതവും പൂര്‍ണമായും നിലച്ചു.
സൈന്യവും ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളും പ്രാദേശിക സംഘടനകളുമാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്.രക്ഷാപ്രവര്‍ത്തനത്തിന് മറ്റു രാജ്യങ്ങളുടെ സൈനികസഹായമുള്‍പ്പെടെ വേണമെന്നും ദുരന്തത്തിന്റെ തീവ്രത സംബന്ധിച്ച് ലോകത്തെ അറിയിക്കാനും പാപുവ ന്യൂഗിനിയ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയല്‍രാജ്യങ്ങളായ ഓസ്ട്രേലിയയും ഫ്രാന്‍സും പാപുവ ന്യൂഗിനിയയ്ക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: