തിരുവനന്തപുരം:ഗാര്‍ഹിക മേഖലകളില്‍ നിയമപരമല്ലാത്ത ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്. ചട്ടമനുസരിച്ച് ലിഫ്റ്റുകള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ IS- 15259:2002 പ്രകാരമുള്ള നിലവാരം പുലര്‍ത്തുന്നതാകണം.
എന്നാല്‍ നിലവാരം പാലിക്കാത്ത ലിഫ്റ്റുകള്‍ സംസ്ഥാനത്ത് വ്യാപകമായ രീതിയില്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച് വരികയാണെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പ്രകാരമല്ലാത്തതും നിലവാരമില്ലാത്തതുമായ രീതിയില്‍ ഹോം ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും നിലവിലുള്ള കേരള ലിഫ്റ്റ് ആന്‍ഡ് എസ്കലേറ്റേഴ്സ് റൂള്‍ 2012, കേരള ലിഫ്റ്റ് ആന്‍ഡ് എസ്കലേറ്റേഴ്സ് ആക്ട് 2013 എന്നീ നിയമങ്ങളുടെ ലംഘനമാണ്.
നിയമ പിന്‍ബലമില്ലാത്ത ലിഫ്റ്റുകള്‍ സ്ഥാപിച്ചാല്‍ നിയമാനുസൃതം പ്രവര്‍ത്തന അനുമതിയോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് നിയമ പരിരക്ഷയോ ലഭിക്കുകയില്ല. ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചരണങ്ങളില്‍ നിന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: