ദുബായ് : പന്ത്രണ്ട് മാസത്തെ കാലയളവിനുള്ളിൽ 50 ദശലക്ഷത്തിലധികം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകി എന്ന നേട്ടം കൈവരിച്ചതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് പ്രവർത്തനമാരംഭിച്ച് പത്ത് വർഷമാകുന്ന വേളയിലാണ് ഈ നേട്ടം കൈവരിക്കുന്നത്. ആഗോള വ്യോമയാന മേഖലയിൽ ഈ വിമാനത്താവളം കൈവരിച്ചിട്ടുള്ള വളർച്ചയ്‌ക്കും, തന്ത്രപരമായ സ്ഥാനത്തിനും അടിവരയിടുന്നതാണ് ഈ നേട്ടം.
2023-ൽ ഈ എയർപോർട്ട് ഉപയോഗപ്പെടുത്തിയ വിദേശ യാത്രികരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 58% വർദ്ധനവ് രേഖപ്പെടുത്തിയതായും വിമാനത്താവള അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഗോള യാത്രികരുടെ ഇടയിലെ ഒരു പ്രമുഖ ലക്ഷ്യസ്ഥാനം എന്ന നിലയിൽ ദോഹ കൈവരിച്ചിട്ടുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.
മറ്റ് എയർപോർട്ടുകളിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ മാർച്ചിലാണ് ചെറിയ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്ക് സേവനങ്ങൾ നല്കുന്നതിനായുള്ള പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലൈനുകൾ ഹമദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചത്.
ഈ ഫാമിലി സ്ക്രീനിംഗ് ലൈനുകൾ ഉപയോഗിച്ച് കൊണ്ട് കുടുംബങ്ങൾക്ക് സെക്യൂരിറ്റി ചെക്ക്പോയിന്റുകളിലെ കാലതാമസം ഒഴിവാക്കാവുന്നതാണ്. ചെറിയ കുട്ടികളുമായെത്തുന്ന യാത്രികർക്ക് ഇത്തരം ലൈനുകളിൽ തങ്ങളുടെ ബാഗ് മുതലായവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ജീവനക്കാരുടെ സഹായം ലഭ്യമാകുന്നതാണ്.
ഇതിനു പുറമെ കഴിഞ്ഞ വർഷം ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഖത്തർ എയർവേസ് പുതിയ ബിസിനസ് ലോഞ്ച് തുറന്നിരുന്നു. ‘ദി ഗാർഡൻ’ എന്ന പേരിലുള്ള ഈ അൽ മൗർജാൻ ബിസിനസ് ലോഞ്ച് ഖത്തർ എയർവേസിന്റെ പ്രീമിയം യാത്രികർക്ക് സേവനങ്ങൾ നൽകുന്നതാണ്. ഇത്തരത്തിൽ യാത്രികരുടെ മനം കവർന്ന സേവനങ്ങളാണ് ഹമദ് എയർപോർട്ടിൽ ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: