തിരുവനന്തപുരം: മേയര്‍ – കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കെതിരെ സാക്ഷിമൊഴി. സംഭവം നടക്കുമ്പോള്‍ എംഎല്‍എ ബസില്‍ കയറിയെന്നാണ് മൊഴിയുള്ളത്. ഇതുസംബന്ധിച്ച് ബസ്സിലെ കണ്ടക്ടറും യാത്രക്കാരുമാണ് മൊഴി നല്‍കിയിരിക്കുന്നത്. ബസില്‍ കയറിയ ശേഷം തമ്പാനൂര്‍ ഡിപ്പോയിലേക്ക് പോകാന്‍ എംഎല്‍എ ആവശ്യപ്പെട്ടെന്നും മൊഴി നല്‍കി. എംഎല്‍എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പ് ഷീറ്റിന്റെ പകര്‍പ്പും കണ്ടക്ടര്‍ ഹാജരാക്കി.
സർവീസ് എന്തുകൊണ്ട് മുടങ്ങി എന്ന കാരണം കെ.എസ്.ആർ.ടി.സിയിൽ നൽകേണ്ടതുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടർ ട്രിപ്പ് ഷീറ്റ് തയ്യാറാക്കിയത്. ഇതിലാണ് സച്ചിൻ ദേവ് എം.എൽ.എ. ബസിൽ കയറിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. കെഎസ്ആർടിസിയുടെ സർവീസ് തടസപ്പെടുത്തിയിട്ടില്ലെന്നും കാർ കുറുകെ ഇട്ടിട്ടില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിൽ സച്ചിൻ ദേവ് എംഎൽഎയും മേയറുമടക്കം പറഞ്ഞത്. എന്നാൽ ഇതിനെതിരായ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇപ്പോൾ സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി എന്നതിനുള്ള തെളിവാണ് കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റും മൊഴിയും.
ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ കൂടതല്‍ പേരുടെ മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. കൂടാതെ കേസില്‍ സാഹചര്യ തെളിവുകളും കൂടുതല്‍ ശേഖരിക്കും. ഇതിനായി സംഭവം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. ബസ്സും കാറും ഓടിച്ച് പോലീസ് പരിശോധന നടത്തി. ബസ്സിലെ ഡ്രൈവര്‍ ആംഗ്യം കാണിച്ചാല്‍ മുന്നില്‍ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് കാണാനാകുമെന്ന് പോലീസ് വ്യക്തമാക്കി. യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് പരിശോധന.
ശനിയാഴ്ച രാത്രി പട്ടം പ്ലാമൂട് മുതല്‍ പിഎംജി വരെയാണ് സംഭവം പുനരാവിഷ്‌കരിക്കുന്ന പരിശോധന നടന്നത്. മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മേയര്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. ഡ്രൈവര്‍ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലായിരുന്നു രഹസ്യമൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: