അടൂര്‍: അടൂരില്‍ നിന്ന് ഒരു പെണ്‍കുട്ടി യാത്രകളെ ജീവിതലഹരിയാക്കി ഉയരങ്ങള്‍ താണ്ടാന്‍ തുടങ്ങിയിട്ട് നാളുകളായി. അടൂര്‍ പന്നിവിഴ ശ്രീകാര്‍ത്തികയില്‍ എസ്. സോമന്റെയും രേഖ സോമന്റെയും മൂത്ത മകള്‍ സോനു സോമനാണ് ഈ പെണ്‍കുട്ടി. കഴിഞ്ഞ വര്‍ഷം മേയില്‍ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയ സോനു ഇത്തവണ യാത്ര തിരിക്കുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ടാന്‍സാനിയയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കാനാണ്. 19340 അടി ഉയരത്തിലുള്ള കിളിമഞ്ചാരോ കൊടുമുടിയിലേക്കുള്ള യാത്രയില്‍ സോനു ഉള്‍പ്പടെ എട്ടംഗ സംഘമാണുള്ളത്. ജൂലൈ എട്ടിന് മുംബൈയില്‍ നിന്നാണ് ടാന്‍സാനിയയിലേക്ക് സോനുവും സംഘവും യാത്ര തിരിക്കുന്നത്.
ജൂലൈ 11 ന് അവിടെ നിന്നും കിളിമഞ്ചാരോയിലേക്കുള്ള ട്രക്കിങ് ആരംഭിച്ചു 17 ന് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ലക്ഷ്യമിടുന്നത്. 2023 ല്‍ രാജ്യാന്തര എവറസ്റ്റ് ദിനത്തോടനുബന്ധിച്ചാണ് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് സോനു സോമന്‍ യാത്ര തിരിച്ചത്. ദല്‍ഹി വഴി അന്ന് കാഡ്മണ്ഡുവില്‍ എത്തിയ സോനു അവിടെ നിന്നും ട്രക്കിങ്ങ് ആരംഭിച്ച് എട്ടു ദിവസം കൊണ്ട് എവറസ്റ്റ് കീഴടക്കി നാലു ദിവസം കൊണ്ട് തിരിച്ചിറങ്ങി തന്റെ ജന്മനാടിനെ വാര്‍ത്തകളില്‍ നിറച്ചു.
ഇത്തവണ കിളിമഞ്ചാരോ യാത്രയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന മാരത്തണ്ണിലും സോനു പങ്കെടുത്തു. കിളിമഞ്ചാരോ യാത്രയ്‌ക്ക് മുന്നോടിയായി മികച്ച ശാരീരിക ക്ഷമത കാത്തു സൂക്ഷിക്കാന്‍ ബദ്ധശ്രദ്ധയിലാണ് സോനുവിപ്പോള്‍. യോഗയും ജിമ്മിലെ വ്യായാമവുമൊക്കെയായി സോനു വിപുലമായ തയാറെടുപ്പിലാണ്.
എന്നാല്‍ കിളിമഞ്ചാരോ യാത്രയ്‌ക്ക് സ്‌പോണ്‍സറെ കണ്ടെത്തുക ഒരു വെല്ലുവിളിയാണ്. ഇതിനായി അടൂര്‍ എം എല്‍എ ചിറ്റയം ഗോപകുമാറിന്റെ സഹായത്തോടെ സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോനു.
മുന്‍പ് ബെംഗളൂരില്‍ ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സോനു ജോലി രാജിവയ്‌ക്കുകയും യാത്രകളോടുള്ള തന്റെ അഭിനിവേശം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയും ചെയ്യുകയായിരുന്നു. മുന്‍പ് ബെംഗളൂരില്‍ ഉണ്ടായിരുന്ന സമയത്ത് അവിടുത്തെ കാടുകളും മലനിരകളും നടന്നു കയറിയിരുന്ന സോനു ഹിമാലയന്‍ പര്‍വതനിരകളിലും അടുത്തിടെ കര്‍ണാടകയിലെ കുമാര പര്‍വതയിലും ട്രക്കിങ്ങ് നടത്തിയിട്ടുണ്ട്. ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ കടുത്ത ഭക്തയായ സോനു എവറസ്റ്റ് കീഴടക്കിയ വേളയില്‍ അവിടെ ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ ഛായചിത്രം ചേര്‍ത്ത് പിടിച്ചു ഫോട്ടോ പങ്കുവച്ചത് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: