Entertainment

കാനില്‍ പുതുചരിത്രം; മികച്ച നടിയായി അനസൂയ സെന്‍ഗുപ്ത, പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരി

Published by

കാന്‍സ് (ഫ്രാന്‍സ്): 77ാമത് കാന്‍സ് ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ അഭിനേതാവായി ചരിത്രത്തില്‍ തന്റെ പേര് രേഖപ്പെടുത്തിയിരിക്കുകയാണ് അനസൂയ സെന്‍ഗുപ്ത. ഫെസ്റ്റിവലിലെ അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് സെഗ്‌മെന്റിലാണ് അനസൂയ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. ‘ദി ഷെയിംലെസി’ലെ പ്രകടനമാണ് അനസൂയ സെന്‍ഗുപ്തയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ബള്‍ഗേറിയന്‍ സംവിധായകനായ കോണ്‍സ്റ്റാന്റിന്‍ ബോന്‍ജനോവാണ് ചിത്രം സംവിധാനം ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ച് ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് രക്ഷപ്പെടുന്ന ലൈംഗിക തൊഴിലാളിയുടെ കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചത്. ലോകമെമ്പാടും പോരാട്ടം നടത്തുന്ന ക്വീര്‍ കമ്മ്യൂണിറ്റിക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മറ്റ് വിഭാഗങ്ങള്‍ക്കും തന്റെ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത കാനിലെ ഗ്രാന്‍ഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്. നിരവധി പേരാണ് അനസൂയയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. മനോഹരം എന്നാണ് നടി തിലോത്തമ ഷോം കുറിച്ചത്. ഭൂപടത്തില്‍ നമ്മെ അടയാളപ്പെടുത്തി അനസൂയ ചരിത്രം സൃഷ്ടിച്ചെന്നും താരം കുറിച്ചു.

പ്രൊഡക്ഷന്‍ ഡിസൈനറായാണ് അനസൂയ ശ്രദ്ധിക്കപ്പെടുന്നത്. നെറ്റ്ഫല്‍ക്‌സ് ഷോ മസബ മസബയുടെ സെറ്റ് ഡിസൈന്‍ ചെയ്തതും താരമായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ അനസൂയ ഇപ്പോള്‍ ഗോവയിലാണ് താമസിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനറില്‍ നിന്നും നടിയായി മാറിയയാളാണ് അനസൂയ സെന്‍ഗുപ്ത. അഞ്ജന്‍ ദത്തയുടെ 2009 ലെ മാഡ്‌ലി ബംഗാലിയില്‍ സഹതാരമായി ആയിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് 2013ല്‍ കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് മാറുകയും പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കുകയും ചെയ്തു.

മനോജ് ബാജ്‌പേയ്, അനുപം ഖേര്‍ എന്നിവര്‍ അഭിനയിച്ച സാത് ഉച്ചക്കി, അലി ഫസലിന്റെ ‘ഫോര്‍ഗെറ്റ് മി നോട്ട്’ തുടങ്ങിയ സിനിമകളില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ അവര്‍ പ്രവര്‍ത്തിച്ചു. കൂടാതെ നെറ്റ്ഫ്‌ലിസ് ഷോ ‘മസബ മസാബ’യുടെ അണിയറയിലും അനസൂയ സെന്‍ഗുപ്ത ഉണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക