തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള സർക്കാരിന് സഹായഹസ്തമെന്നോണം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തി നൽകിയ നരേന്ദ്രമോദി സർക്കാർ നടപടി സ്വാഗതാർഹമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് – ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
സംസ്ഥാനത്തിന്റെ കൂടി അഭ്യർത്ഥന പരിഗണിച്ച് 2024 ഡിസംബറിനു മുൻപായി 21,253 കോടി രൂപ വരെ കടമെടുക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ‘ഈ തുക ചോർച്ചയും അഴിമതിയും കൂടാതെ കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി നേരായ രീതിയിൽ ഉപയോഗിക്കണമെന്ന് ഞാൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്നു’വെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
സംസ്ഥാനത്തിൻ്റേയും തലസ്ഥാന ജില്ലയുടേയും ക്ഷേമ, വികസന പ്രവർത്തനങ്ങൾ ക്ക് മുൻഗണന നൽകാനും അദ്ദേഹം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.
യഥാസമയം ശമ്പളവും പെൻഷനും ലഭിക്കാതെ മാസങ്ങളായി ബുദ്ധിമുട്ടുന്ന കെഎസ്ആർടിസി, സർക്കാർ ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളവും പെൻഷനും കിട്ടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തലസ്ഥാന ജില്ലയുടെ തീരസംരക്ഷണവും മിനി ഹാർബർ നിർമ്മാണവും ഉറപ്പാക്കണം.
പാതി വഴിക്ക് നിലച്ച സിവിൽ പൊലീസ് ഓഫീസർ (സിപിഒ) നിയമന പ്രക്രിയ പൂർത്തിയാക്കണം, തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം എന്നീ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: