കോട്ടയം: ജൂൺ 16 “പഞ്ചമി” ദിനമായി ആചരിക്കുവാൻ കുട്ടികളുടെ അവകാശ സംരക്ഷണ സംഘടനയായ സൗരക്ഷിക. കോട്ടയം തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടന്ന സൗരക്ഷികയുടെ സംസ്ഥാന സമ്മേളനം ഇക്കാര്യം ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു. പഞ്ചമിയെന്ന ബാലികയുടെ വിദ്യാഭ്യാസ പ്രവേശനദിനമാണ് ജൂൺ 16.
കേരളത്തിൽ സാർവത്രിക വിദ്യാഭ്യാസം നേടിയെടുക്കുവാൻ നടത്തിയ മഹാ സംഭവത്തെ ഈ ദിനം ഓർമ്മപ്പെടുത്തുന്നു. കേരളത്തിൽ ആദ്യമായി നടന്ന ബാലാവകാശ സമരമാണ് മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഊരൂരുട്ടമ്പലം സർക്കാർ എൽ.പി. സ്കൂളിൽ നടന്ന പ്രതിഷേധം. തിരുവിതാംകൂർ പ്രജാസഭയിൽ 1912 മാർച്ച് 4 ന് ജാതിയുടെ പേരിൽ വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നേടുവാനുള്ള അവകാശം നിയമം മൂലം ലഭിച്ചു. എന്നാൽ ഇത് നടപ്പാക്കുന്നതിൽ ധാരാളം വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു.
മഹാത്മാ അയ്യങ്കാളി പൂജാരി അയ്യന്റെ എഴ് വയസ്സുള്ള മകളായ പഞ്ചമിയേയും കൂട്ടി ഉരൂരുട്ടമ്പലം പെൺപള്ളികൂടത്തിൽ ചെന്ന് കുട്ടിയെ സ്കൂളിൽ ചേർക്കുവാൻ ആവശ്യപ്പെട്ടു. അനുവാദം ലഭിക്കാത്തതിനാൽ കുട്ടിയെ നിർബന്ധപൂർവ്വം ക്ലാസിലെ ബഞ്ചിൽ കൊണ്ടിരുത്തി. 1914 ജൂൺ 16 നാണ് ആ മഹാസംഭവം നടന്നത്. ഇതിനോടനുബന്ധിച്ച് ലഹള പൊട്ടിപ്പുറപ്പെട്ടു. ഈ സമരത്തിലൂടെ എല്ലാ കുട്ടികൾക്കും സ്‌കൂളിൽ പഠിക്കുവാനുള്ള അവകാശം നേടിയെടുക്കാൻ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: