World

വാസയോഗ്യമായേക്കാവുന്ന ഗ്രഹത്തെ കണ്ടെത്തിയെന്ന് നാസ; ഭൂമിയില്‍ നിന്ന് 40 പ്രകാശവര്‍ഷം അകലെ

Published by

വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായി വാസയോഗ്യമാവാന്‍ സാധ്യതയുള്ള ഗ്രഹത്തെ കണ്ടെത്തിയെന്ന് നാസ. ഭൂമിയേക്കാള്‍ അല്‍പം ചെറുതും എന്നാല്‍ ശുക്രനേക്കാള്‍ വലുതുമായ ഗ്രഹത്തെയാണ് കണ്ടെത്തിയത്. ഗ്ലീസ് 12 ബി എന്നാണ് പേര്. ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് (ടിഇഎസ്എസ്) ഉപയോഗിച്ചാണ് ഗ്ലീസ് 12 ബിയെ നാസ കണ്ടെത്തിയത്. ഭൂമിയില്‍ നിന്ന് 40 പ്രകാശവര്‍ഷം അകലെയാണിത്.

ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. സൂര്യനേക്കാള്‍ ചെറിയ നക്ഷത്രത്തെയാണ് ചുറ്റുന്നതെങ്കിലും ജലത്തിന് നിലനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥാനത്താണ് ഗ്ലീസ് 12ബി സ്ഥിതി ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിന് അന്തരീക്ഷമില്ലെന്നാണ് ഗവേഷകരുടെ അനുമാനം. ഉപരിതല താപനില 47 ഡിഗ്രി സെല്‍ഷ്യസ് ആണ്.

ഗ്രഹങ്ങള്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ വലിയ രീതിയില്‍ ഈ നക്ഷത്രങ്ങള്‍ മങ്ങുന്നതിനാല്‍ ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്നത് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് എളുപ്പമാണ്. 20 സെക്കന്‍ഡ് മുതല്‍ 30 മിനിറ്റ് സമയം വരെ ദൃശ്യമാകുന്ന മാറ്റങ്ങളെയാണ് അവലോകനം ചെയ്തത്. കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അടുത്തുള്ളതും ഭൂമിയുടേതിന് സമാനമായി വലുപ്പവും ഊര്‍ജ്ജവുമുള്ള ഗ്രഹമാണ് കണ്ടെത്തിയതെന്ന് ടോക്കിയോയിലെ ആസ്‌ട്രോ ബയോളജി സെന്ററിലെ പ്രൊജക്ട് അസിസ്റ്റന്റ് പ്രൊഫ. മസയുകി അഭിപ്രായപ്പെട്ടു. ഇതിന് അന്തരീക്ഷമുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞര്‍
പറയുന്നു.

ജെയിംസ് വെബ് ദൂരദര്‍ശിനി ഉപയോഗിച്ച് ഗ്ലീസ് 12 ബി ഗ്രഹത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. ഇതോടെ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും. സൗരയൂഥത്തില്‍ അടുത്തടുത്ത ഗ്രഹങ്ങളായിട്ടും ഭൂമി വാസയോഗ്യമാവുകയും ശുക്രന്‍ അങ്ങനെ അല്ലാതാവുകയും ചെയ്തത് എങ്ങനെയെന്ന് പഠിക്കാന്‍ ഗ്ലീസ് 12ബിയെ കുറിച്ചുള്ള പഠനങ്ങള്‍ സഹായിച്ചേക്കും.

ഗ്ലീസ് 12ബി വാസയോഗ്യമായിരിക്കാമെങ്കിലും ജ്യോതിശാസ്ത്രപരമായി സൗരയൂഥത്തിന് അടുത്താണെന്ന് പറയാമെങ്കിലും മനുഷ്യന് ഇവിടേക്ക് എത്തിച്ചേരാനാവില്ല. കാരണം ഇന്ന് നിലവിലുള്ള ഏറ്റവും വേഗമേറിയ ബഹിരാകാശ പേടകത്തില്‍ യാത്ര ചെയ്താല്‍ പോലും 225000 വര്‍ഷങ്ങള്‍ കഴിഞ്ഞാലേ ഗ്ലീസ് 12ബിയില്‍ എത്താനാവൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by