തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദത്തില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. ബാര്‍ ഉടമകള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെയും വാദങ്ങളാണ് പൊളിയുന്നത്. ബാര്‍ ഉടമകളെ കൈ അയച്ച് സഹായിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍. പണപ്പിരിവ് മുഖ്യമന്ത്രി അറിഞ്ഞ്. മന്ത്രി മുഹമ്മദ് റിയാസിനും പങ്ക്. ഭീഷണിയെ തുടര്‍ന്ന് മാപ്പപേക്ഷയുമായി ബാര്‍ക്കോഴ പുറത്തറിയിച്ച അനിമോന്. താന്‍ അയച്ച മെസേജ് എല്ലാവര്ക്കും തെറ്റിദ്ധാരണയുണ്ടാക്കിയെന്നാണ് അനിമോന്റെ വാദം.
ഡ്രൈ ഡേ മാറ്റുന്നതില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി അനുകൂല തീരുമാനമെടുത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥതല ശിപാര്‍ശയുണ്ടായിരുന്നു. ഇത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത് നടപ്പാക്കാനായിരുന്നു എക്സൈസ് ആലോചന. തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ബിയര്‍ വിളമ്പണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെയും ലക്ഷക്കണക്കിന് രൂപയുടെ കോഴ ഇടപാടിനുള്ള കളമൊരുക്കുകയായിരുന്നു.
മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി അടുത്ത മാസം ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും മന്ത്രി എം.ബി. രാജേഷ് തീരുമാനിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് മുമ്പ് പണം ശേഖരിച്ച് നല്‍കണം. ഇതാണ് ഫെഡറേഷന് ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ വാട്സ്ആപ്പ് സന്ദേശത്തിലും വ്യക്തമാക്കുന്നത്. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് മദ്യനയം പ്രഖ്യാപിക്കുന്നതാണ് രീതി. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇതിന് കഴിഞ്ഞില്ല. ഇത് അവസരമാക്കുകയായിരുന്നു സിപിഎം. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മദ്യ നയത്തില്‍ മാറ്റം വരുത്താമെന്നും തെരഞ്ഞെടുപ്പ് ഫണ്ട് ഉള്‍പ്പെടെ വേണമെന്ന് വിലപേശുകയും ചെയ്തു. ഇതനുസരിച്ചാണ് പണപ്പിരിവ് നടത്തിയത്.
പണപ്പിരിവ് വിവാദമായതോടെ മദ്യനയത്തില്‍ തത്കാലം മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കോഴ ആരോപണത്തിനെതിരേ സിപിഐ രംഗത്ത് വന്നിട്ടുണ്ട്. പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടു. ഇതോടെ മന്ത്രി എം.ബി. രാജേഷിന്റെ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റുമായി നിയമസഭയില്‍ എത്തുമ്പോള്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ തള്ളിക്കളയാനും സാധിക്കും.
ദേശീയപാതയോരത്ത് പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ അടച്ചുപൂട്ടേണ്ടി വന്ന ബാറുകളെ സംരക്ഷിക്കാന്‍ ദേശീയപാതകളെ സംസ്ഥാന പാതകളാക്കി മാറ്റിയത് ഈ സര്‍ക്കാരാണ്. ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്കി. നികുതി കുടിശ്ശിക ഉള്‍പ്പെടെ ഇളവുകള്‍ നല്കി സഹായിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇതെല്ലാം നടപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: