ഇരയിമ്മന്‍തമ്പിയുടെ മൂന്നാം തലമുറയില്‍പ്പെട്ട കിഴക്കേമഠം ഗോവിന്ദന്‍ നായരെ ഒരു ചരിത്രഗവേഷകനായാണ് നാമിന്ന് പൊതുവെ അറിയുന്നത്. ശ്രീവിശാഖം തിരുനാള്‍രാമവര്‍മ്മ മഹാരാജാവിന്റെ മകന്‍ അരുമന അമ്മവീട്ടില്‍ ശ്രീനാരായണന്‍ തമ്പിയുടെ മകന്റെ മകനാണ് കിഴക്കേമഠം ഗോവിന്ദന്‍ നായര്‍. ഈ കുടുംബവഴികളിലൂടെ തിരുവിതാംകൂറുമായി ബന്ധപ്പെട്ട ഒട്ടേറെ പുരാരേഖകള്‍ അദ്ദേഹത്തിന് ലഭിച്ചു. തിട്ടൂരങ്ങള്‍, വിളംബരങ്ങള്‍, കോടതി ഉത്തരവുകള്‍, ഓലകള്‍, കത്തുകള്‍, കൈയെഴുത്തുകള്‍, ഗ്രന്ഥങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങി ഒട്ടേറെ അപൂര്‍വ്വ രേഖകള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു.
പുരാരേഖകളുടെ സൂക്ഷിപ്പുകാരന്‍ മാത്രമായിരുന്നില്ല അദ്ദേഹം. അവയുടെ പ്രാധാന്യം അറിഞ്ഞും മനസ്സിലാക്കിയും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്ന അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു പങ്ക് സമയവും അതിനായിത്തന്നെ വിനിയോഗിച്ചിരുന്നൊരാളാണ്. രാജകീയ ഉത്തരവുകളടങ്ങിയ ചരിത്രത്തിന്റെ ഏടുകള്‍ എന്ന ഈടുറ്റ പുസ്തകം വഴി,മികച്ചൊരു ചരിത്രകാരനാണദ്ദേഹമെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ അദ്ദേഹം അത് മാത്രമായിരുന്നോ..? അല്ല-എന്നാണുത്തരം.
കലയോടുള്ള പ്രതിപത്തിയും അഭിനയവാസനയുമൊക്കെ ജന്മസിദ്ധമായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്ത് സെന്റ് ജോസഫ് സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന സത്യനേശനെന്ന അധ്യാപകനാണ് കൊച്ചുഗോവിന്ദനെ ആദ്യമായി നാടകത്തിനായൊരുക്കുന്നത്. (ആ അധ്യാപകന്‍ പിന്നീട് സത്യനെന്ന പേരില്‍ മലയാളസിനിമയുടെ അഭിമാനമായി മാറി എന്നത് ചരിത്രം.) അരങ്ങേറ്റം ഗംഭീരമായി. അരങ്ങ് നല്‍കിയ അനുഭൂതി ആ ബാലന്‍ പിന്നീടെപ്പോഴും കൈമുതലാക്കിയിരുന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് കാല്‍പ്പന്തുകളിയില്‍ ഭ്രമം കയറിയ കിഴക്കേമഠം, അതില്‍ പരിശീലനം നേടുകയും മികച്ചൊരു പ്ലേയറായി മാറുകയും ചെയ്തു.
1957-58 ല്‍ ജാല്‍നയില്‍ സതേണ്‍ ആംഡ് ഫോഴ്‌സ് ഫുട്‌ബോള്‍ ടീമിലും, അതുകഴിഞ്ഞ് പ്രശസ്തമായ ഹൈദരാബാദ് സിറ്റി പോലീസ് ടീമിലും അദ്ദേഹം അംഗമായിരുന്നു. ഹൈദരാബാദ് ക്ലബിനു വേണ്ടി ഒരു വര്‍ഷത്തിലധികം കളിക്കുകയും ചെയ്തു. കളിക്കിടയില്‍ സംഭവിച്ച സാരമായ പരുക്കുമൂലം ഫുട്‌ബോള്‍ ജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു മേഖലയിലേക്ക് തന്റെ ജീവിതം പറിച്ചു നട്ടു. അങ്ങനെയാണൊരു നാടകനടന്‍ ജനിക്കുന്നത്.
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രചിച്ച ഡോക്ടര്‍ എന്ന നാടകത്തില്‍ കമ്പൗണ്ടര്‍ കേശവനായും, സി.ജെ. തോമസ് രചിച്ച ക്രൈം 27 ല്‍ കക്കനീറ്റ് തൊഴിലാളിയായും കെ.ജി. സേതുനാഥ് രചിച്ച പിപാസയില്‍ അബ്ദുള്ള സായ്‌പ്പായും അദ്ദേഹം വേദിയില്‍ കയ്യടി നേടി.
എഴുപതുകളില്‍ അടൂര്‍ പങ്കജവും അടൂര്‍ ഭവാനിയും നേതൃത്വം നല്‍കിയ അടൂര്‍ ജയാ തീയേറ്റേഴ്‌സിന്റെ നാടകങ്ങളില്‍ എസ്പി പിള്ളയോടൊപ്പം ഒട്ടേറെ വേദികള്‍ പങ്കിട്ടിരുന്നു. പ്രൊഫഷണല്‍ നാടകവേദിയുടെ ചില തരം ക്ലിക്കുകളും പൊളിറ്റിക്‌സുകളും ഉള്‍ക്കൊള്ളാനാവാത്ത സാഹചര്യമുണ്ടായപ്പോള്‍ അദ്ദേഹം പ്രൊഫഷണല്‍ നാടകങ്ങളോട് അകലം പാലിക്കുകയാണുണ്ടായത്.
എന്നാല്‍ അഭിനയകല കൈവിട്ടില്ല. പിന്നീട് അനന്തപുരിയില്‍ അവതരിപ്പിക്കപ്പെട്ട ഒട്ടനവധി അമച്വര്‍ നാടകങ്ങളുടെ ഭാഗമായി. അത്തരത്തില്‍ അദ്ദേഹം 100 ലധികം നാടകങ്ങളിലഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തെ സഹപ്രവര്‍ത്തകനായിരുന്ന ജയപ്രകാശ് 1975 ല്‍ ഒരു ചിത്രനിര്‍മ്മാണത്തിനൊരുമ്പെട്ടു. സുചിത്ര എന്ന ബാനറില്‍ ചിത്രീകരണം നടന്ന നീലമേഘം എന്ന ചിത്രത്തില്‍ കുതിരവട്ടം പപ്പുവിനൊപ്പം ഒരു ഹാസ്യകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് കിഴക്കേമഠം തിരനോട്ടവും നടത്തി. രാഘവനും നവാഗതയായ സുമയും നായികാനായകന്മാരായ ചിത്രം പക്ഷേ പൂര്‍ത്തിയായില്ല.
രണ്ടുവര്‍ഷം കഴിഞ്ഞ് തിരുവനന്തപുരത്ത് ചിത്രീകരിക്കപ്പെട്ട പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍ എന്ന ചിത്രത്തില്‍ മന്ത്രി ശങ്കര്‍ എന്ന കഥാപാത്രത്തെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം ആദ്യമായി തിരശ്ശീലയിലെത്തി. എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മധു-ഷീല ടീമായിരുന്നു പ്രധാന ഭാഗങ്ങളില്‍. തുടര്‍ന്ന് ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത സത്രത്തിലൊരു രാത്രി, തടവുകാരി, പാപത്തിന് മരണമില്ല എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിനവസരങ്ങള്‍ ലഭിച്ചു.
കൈതപ്പൂ, കലിക, സീത, ഭാര്യയെ ആവശ്യമുണ്ട്, കൊച്ചുതെമ്മാടി, തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ഇവയില്‍ ഭാര്യയെ ആവശ്യമുണ്ട്-ലെ ഇടിയന്‍ നാരായണപിള്ളയും കൊച്ചുതെമ്മാടിയിലെ വാര്യര്‍ മാഷും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്. ഷാജി എന്‍. കരുണിന്റെ വാനപ്രസ്ഥമാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ച ചിത്രം. കൊട്ടാരം കഥകളിയോഗം വിചാരിപ്പുകാരന്റെ വേഷത്തിലായിരുന്നു അദ്ദേഹം ഈ ചിത്രത്തില്‍.
(18/20 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചതായി പറയപ്പെടുന്നു. പക്ഷേ നിലവില്‍ അവ എല്ലാം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.) 1996 ല്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടി ആര്‍. സുകുമാരന്‍ സംവിധാനംചെയ്ത വേലുത്തമ്പി ദളവ എന്ന ഡോക്യുമെന്ററിയില്‍ ഒരു പ്രധാനഭാഗം ചെയ്തിട്ടുണ്ട്.
ധനാടകം/പത്രപ്രവര്‍ത്തനം/കാല്‍പന്തുകളി ഇങ്ങനെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ചുവരവേയാണ് അദ്ദേഹത്തിന്റെ മനസ്സില്‍ ചരിത്രം കയറിക്കൂടുന്നത്. പിന്നെ അതിലായി കമ്പവും ഗവേഷണവും. അതിന്റെ ഫലമായാണ് ചരിത്രത്തിന്റെ ഏടുകള്‍ എന്ന പുസ്തകം പിറവി കൊള്ളുന്നത്.
വ്യത്യസ്ത കര്‍മ്മമേഖലകളില്‍ വ്യാപരിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത കിഴക്കേമഠം ഗോവിന്ദന്‍ നായര്‍ എന്ന പ്രതിഭാധനന്‍ 2006 ജൂണ്‍ 7 ന് 72-ാം വയസ്സില്‍ അന്തരിച്ചു. ശാരദാദേവിയാണദ്ദേഹത്തിന്റെ സഹധര്‍മ്മിണി. പ്രതാപ് കിഴക്കേമഠം ഏക മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: