കേരളത്തിലെ ക്ഷേത്രങ്ങള്‍ വീണ്ടും ആനകളെ വാങ്ങാനുള്ള തകൃതിയായ ഒരുക്കങ്ങളിലാണ്. അസമില്‍ നിന്നും ത്രിപുരയില്‍ നിന്നൊക്കെയാണ് കേരളത്തിലേക്ക് ആനയെ കിട്ടാന്‍ സാധ്യത കൂടുതല്‍. അതിനാല്‍ ആ വഴിക്കാണ് ക്ഷേത്രങ്ങള്‍ കരുനീക്കുന്നത്. വയസ്സനുസരിച്ച് കൊമ്പനാനയുടെ വില ഏകദേശം 50 ലക്ഷം മുതല്‍ 80 ലക്ഷത്തോളം രൂപ വരെ എത്തുമെന്നാണ് ക്ഷേത്രവുമായി ബന്ധമുള്ള ആനപ്രേമികള്‍ പറയുന്നത്.
1972ലെ വന്യജീവി സംരക്ഷണനിയമത്തില്‍ ആനയെ വാങ്ങാനുള്ള വിലക്ക് നീങ്ങിയതോടെയാണ് ഇനി ക്ഷേത്രങ്ങല്‍ക്ക് ആനയെ വാങ്ങാമെന്ന സ്ഥിതി വരുന്നത്. പുതിയ ചട്ടങ്ങള്‍ 2024 മാര്‍ച്ചില്‍ നിലവില്‍ വന്നതോടെയാണ് ക്ഷേത്രങ്ങളിലേക്ക് ആനകളെ കൈമാറുന്നതിനുള്ള വിലക്ക് നീങ്ങിക്കിട്ടിയത്.
വന്യജീവി സംരക്ഷണനിയമത്തിലെ വിലക്ക് കാരണം കഴിഞ്ഞ 16 വര്‍ഷമായി നിലച്ചുപോയ ആനക്കൈമാറ്റമാണ് വീണ്ടും സജീവമാകുന്നത്. ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് ആനയെ വാങ്ങാന്‍ ക്ഷേത്രങ്ങളില്‍ സജീവമായ നീക്കം നടക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, മാവേലിക്കര എന്നീ സ്ഥലങ്ങളിലും തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തുമാണ് ആനയെ വാങ്ങാന്‍ നീക്കം സജീവമാകുന്നത്.
കുന്നംകുളത്തെ ചീരംകുളം ക്ഷേത്രകമ്മിറ്റിയാണ് ആനയെ വാങ്ങാന്‍ ശക്തമായ നീക്കം തുടങ്ങിയത്. അസമിലെ 21 വയസ്സുള്ള കൊമ്പന് 80 ലക്ഷം രൂപ വരെയാണ് വില. അത്രയും വില കൊടുത്ത് ആനയെ കുന്നംകുളത്തെത്തിക്കാനായി അസം അധികൃതര്‍ക്ക് ക്ഷേത്രഭാരവാഹികള്‍ അപേക്ഷ നല്‍കി. ആനയുടെ ചെലവിലേക്ക് 20 ലക്ഷം രൂപ ഭക്തരില്‍ നിന്നും പിരിച്ചെടുത്തു. ബാക്കി 60 ലക്ഷം ക്ഷേത്രം ഫണ്ടില്‍ നിന്നും എടുക്കാന്‍ തീരുമാനമായി.
ചേര്‍ത്തല വാരനാട് ദേവീക്ഷേത്രം ഒമ്പത് വയസ്സ് മാത്രം പ്രായമായ കൊമ്പനെയാണ് അസമില്‍ നിന്നും എത്തിക്കാന്‍ തീരുമാനിച്ചത്. 50 ലക്ഷമാണ് വില. ഭക്തരില്‍ നിന്നുള്ള പിരിവ് ജൂണില്‍ ആരംഭിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി അനില്‍ കുമാര്‍ പറയുന്നു.
മാവേലിക്കര ക്ഷേത്രത്തില്‍ രണ്ട് ആനകളെ വാങ്ങും. സ്വകാര്യവ്യക്തി നടയിരുത്തുന്ന രീതിയിലാണ് ഇവിടെ ആനകള്‍ എത്തുക. രണ്ട് ആനകള്‍ക്ക് ഒരു കോടി രൂപയാണ് വില. ത്രിപുരയില്‍ നിന്നാണ് ഇവിടേക്ക് ആനയെ എത്തിക്കുക.
എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ ആനയ്‌ക്കായി പ്രത്യേകട്രസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഈ ട്രസ്റ്റിന്റെ കീഴിലാണ് ആനയെ വരുത്തുക. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: