കോട്ടയം: ഇരുപതു മാസം തുടര്‍ന്ന സമരം മാത്രമല്ല വൈക്കം സത്യഗ്രഹമെന്നും അതിനനിവാര്യമായ ഭാവികാലം കൂടിയുണ്ടെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പേ രൂപംകൊണ്ട ഹൈന്ദവ പുനര്‍ജാഗരണത്തിന്റെ പരിണാമമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി 21-ാം സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ‘വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും’ എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു നന്ദകുമാര്‍. നവോത്ഥാനം ഭാരതത്തിന് ഒരു ദിവസത്തെ അദ്ഭുതമല്ല. നവോത്ഥാനങ്ങളുടെ ഭൂമിയാണ് ഭാരതം. എപ്പോഴാണോ അധര്‍മ മാര്‍ഗത്തിലേക്ക് അറിയാതെ വഴുതിപ്പോകുന്നത്, അപ്പോഴെല്ലാം നമ്മെ രക്ഷപ്പെടുത്തുന്ന നേര്‍പാതയുടെ പേരാണ് നവോത്ഥാനം.
വൈക്കം സത്യഗ്രഹത്തിന്റെ തനിമയെ നിരാകരിച്ചോ അതിനു ജീവിതം സമര്‍പ്പിച്ച മഹാത്മാക്കളെ വിസ്മരിച്ചോ ഉള്ള ആഘോഷങ്ങളല്ല വേണ്ടത്. അവരെ സ്മരിച്ചും അവര്‍ നല്കിയ സന്ദേശത്തെ കേന്ദ്ര ബിന്ദുവായി പ്രതിഷ്ഠിച്ചും മുന്നേറണം. സാമൂഹിക സമരസതയുടെ, സമന്വയത്തിന്റെ, ഹൈന്ദവ ഏകീകരണത്തിന്റെ അടയാളമാണ് വൈക്കം സത്യഗ്രഹം.
ടി.കെ. മാധവനായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ നെടുംതൂണ്‍. വൈക്കം സത്യഗ്രഹം ഹിന്ദുധര്‍മ പരിഷ്‌കരണത്തിന് വേണ്ടിയാണെന്നായിരുന്നു ടി.കെ. മാധവന്റെ പ്രഖ്യാപനം. താനൊരു ഹിന്ദുവാണ് എന്നതിന് മറ്റൊരാളുടെ അംഗീകാരത്തിന് കാത്തിരുന്ന വ്യക്തിയല്ല മാധവന്‍. ഹിന്ദുധര്‍മത്തിന്റെ മൂലസിദ്ധാന്തം മനസ്സിലാക്കിയ അദ്ദേഹം ഹിന്ദുവായിരിക്കുകയെന്നത് ജന്മാവകാശമായി കരുതിയ വ്യക്തിയാണ്.
കേരളത്തിലെ ജാതിസമ്പ്രദായമുണ്ടാക്കുന്ന വിപത്തിനെ ജാതിക്കുമ്മി പോലുള്ള കവിതകളിലൂടെ രൂക്ഷമായി വിമര്‍ശിച്ച വ്യക്തിയാണ് പണ്ഡിറ്റ് കറുപ്പന്‍. ആത്മസാക്ഷാത്കാരത്തിന്റെ മുന്നേറ്റത്തിന് ആദ്യം ഉപേക്ഷിക്കേണ്ടത് ജാതി സംബന്ധമായ മേല്‍ക്കോയ്മയാണെന്നാണ് ഉപദേശ സാഹസ്രയിലൂടെ ശങ്കരാചാര്യര്‍ പറയുന്നതെന്നും ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
മുന്നാക്ക വികസന കമ്മിഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ദീപം തെളിയിച്ചു. ടി.കെ. മാധവന്റെ ചെറുമകന്‍ എന്‍. ഗംഗാധരന്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ഓര്‍ഗനൈസര്‍ ചീഫ് എഡിറ്റര്‍ പ്രഫുല്ല പ്രദീപ് കേത്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: