ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് വൈഭവ് കുമാര്‍ റിമാന്‍ഡില്‍. ദല്‍ഹി തിസ് ഹസാരി കോടതിയില്‍ ഹാജരാക്കിയ വൈഭവിനെ നാല് ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ നിന്ന് കഴിഞ്ഞ 18നാണ് അറസ്റ്റ് ചെയ്യുന്നത്. പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ദല്‍ഹി മുന്‍ വനിതാ കമ്മിഷന് കൂടിയായ സ്വാതിയുടെ പരാതിയില്‍ തെളിവുകള്‍ നശിപ്പിച്ചതിനും വൈഭവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം രാജ്യസഭാ സീറ്റ് ഉപേക്ഷിക്കില്ലെന്ന് സ്വാതി വ്യക്തമാക്കി. ആരുടേയും സമ്മര്‍ദ്ദത്തില്‍ രാജ്യസഭാംഗത്വം ഉപേക്ഷിക്കാന്‍ തയാറല്ല. ആപ്പിന് തന്റെ രാജ്യസഭാംഗത്വം ആവശ്യമെങ്കില്‍ അവര്‍ എന്നോട് അതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ആദ്യം വേണ്ടത്. തന്റെ വ്യക്തി ജീവിതത്തില്‍ പദവിയോട് ഒരു താത്പര്യവും പ്രകടിപ്പിച്ചിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി 2006ലാണ് ഞാന്‍ എന്‍ജിനീയറിങ് ജോലി ഉപേക്ഷിക്കുന്നത്. അന്ന് ആപ്പില്‍ താനടക്കം മൂന്ന് പേര് മാത്രമാണ് പ്രവര്‍ത്തകരായി ഉണ്ടായിരുന്നത്. ഞാനടക്കമുള്ള പ്രവര്‍ത്തകരുടെ ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയെ ഈ നിലയില്‍ എത്തിച്ചത്. എന്നിട്ടും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ഒരു ദാക്ഷിണ്യവുമില്ലാതെ എന്നെ മര്‍ദിച്ചു. ഇനി എന്ത് വന്നാലും രാജ്യസഭാംഗത്വം രാജിവച്ചൊഴിയില്ല. സ്വാതി പറഞ്ഞു.
മുഖ്യമന്ത്രി കേജ്രിവാളിനെ കാണാനെത്തിയ തന്നെ വൈഭവ് കുമാര്‍ പലവണ മര്‍ദിച്ചു. മേശയില്‍ ഇടിച്ച് നിലത്ത് വീണപ്പോള്‍ പലതവണ ചവിട്ടി. പലതവണ സഹായം അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി വസതിയില്‍ തന്നെയുണ്ടായിരുന്നു. ആരും സഹായത്തിനെത്തിയില്ല. എനിക്കിനി എന്ത് സംഭവിക്കുമെന്നോ ഭാവി എന്താകുമെന്നോ അറിയില്ല. നീതിക്ക് വേണ്ടി പോരാടാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തിലിപ്പോള്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് മാത്രമാണ് കേജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: