ധര്‍മ്മത്തെ അറിഞ്ഞ് ആചരിക്കണം എന്നാണു പ്രമാണം. ധര്‍മ്മത്തെ മാത്രമല്ല, അവനവന് കൈകാര്യം ചെയ്യുന്ന എന്തിനെക്കുറിച്ചും നല്ല അറിവു വേണം. പഠിച്ചിട്ടു വേണം കൈകാര്യം ചെയ്യാന്‍. അങ്ങനെ നോക്കിയാല്‍ ഇന്നു ഭരണം നടതത്താന്‍ എത്രപേര്‍ക്ക് അര്‍ഹതയുണ്ടാകും? രാജ്യഭാരം കഠിനതപസ്യയായിരുന്ന കാലം നമുക്കുണ്ടായിരുന്നു. ആ കാലത്താണ് രാമനും ഭരതനും മറ്റും ഭരണം കയ്യാളിയത്. അവര്‍ക്ക് അതു കടുത്ത ഉത്തരവാദിത്തമായിരുന്നു. ആര്‍ഭാടമായിരുന്നില്ല. ഒട്ടും സുഖകരവുമായിരുന്നില്ല.
ധര്‍മ്മത്തെ അറിഞ്ഞ് ആചരിക്കാന്‍ വേദങ്ങളും സ്മൃതികളും പ്രമാണങ്ങളും മറ്റും പഠിക്കണം. വേദം, സ്മൃതി, സദാചാരം, മനഃസ്സാക്ഷി എന്നിങ്ങനെയാണ് ധര്‍മ്മത്തെ അറിയാനും വ്യാഖ്യാനിക്കാനുമുള്ള മാര്‍ഗ്ഗം. വേദവും സ്മൃതികളും പഠിക്കുക എളുപ്പമല്ലെന്നതു ശരി തന്നെ. അന്തസ്സത്ത മനസ്സിലാക്കാതെ വ്യാഖ്യാനിച്ചാല്‍ വിപരീത ഫലമായിരിക്കും ഉണ്ടാകുന്നതും. ധര്‍മ്മം എല്ലാവര്ക്കും ഒരുപോലെയല്ലെന്നും ശാസ്ത്രം പറയുന്നുണ്ട്. വ്യക്തികള്‍ക്കും സാഹചര്യത്തിനും കാലത്തിനും അനുസരിച്ചു ധര്‍മ്മത്തിനു മാറ്റം വരും. അതു മനസ്സിലാക്കാനാണ് വേദങ്ങളും സ്മൃതികളും പഠിക്കണമെന്നു പറയുന്നത്.
വേദജ്ഞാനമില്ലാത്തവര്ക്കു ധര്‍മ്മത്തെ അറിയാനുള്ള മാര്‍ഗ്ഗമാണു സദാചാരം. സജ്ജനങ്ങള്‍ ആചരിക്കുന്നതു കണ്ടു പഠിക്കുക. ആ വഴി പിന് തുടരുക. സജ്ജനങ്ങള്‍ ധര്‍മ്മപാത വിട്ടു ചരിക്കുകയില്ല. നാലാമത്തേതു മനസ്സാക്ഷി. ധര്‍മ്മം ഏത്, അധര്‍മ്മം ഏത് എന്ന് മനസ്സു പറഞ്ഞുതരും. പക്ഷേ, ഇത് എല്ലാവര്ക്കും ബാധകമാകില്ല. ധര്‍മ്മാനുഷ്ഠാനത്തിലൂടെ മനസ്സിനെ ശുദ്ധീകരിച്ചവര്ക്കേ സാധിക്കൂ. അതായത് ഋഷി തുല്യരായവര്‍ക്ക്. തെറ്റു ചെയ്യാന്‍ അവരെ മനസ്സ് അനുവദിക്കില്ല. ശകുന്തളയെക്കണ്ടു പ്രേമപരവശനായ ദുഷ്യന്തന് ശങ്കിക്കുന്നുണ്ട്. ബ്രാഹ്മണ യുവതിയായ ശകുന്തളയെ ക്ഷത്രിയനായ താന്‍ വിവാഹം ചെയ്യുന്നതു ശരിയാണോ എന്ന്. പക്ഷേ, പിന്നീട് അദ്ദേഹം തിരിച്ചറിഞ്ഞു, ധര്‍മ്മപാത വിടാത്ത തന്റെ ശ്രേഷ്ഠമായ മനസ്സ് ശകുന്തളയില്‍ ആകൃഷ്ടമായെങ്കില് അതിനര്‍ഥം അവള് തനിക്കു സ്വീകാര്യയാണ് എന്ന്. മനസ്സ് ഒരിക്കലും അധര്മ്മപാതയിലേക്കു തന്നെ നയിക്കുകയില്ലെന്നു ദുഷ്യന്തനു നല്ല ബോധ്യമുണ്ടായിരുന്നു. കാരണം, താന്‍ ഒരിക്കലും ധര്‍മ്മത്തെ കൈവിട്ടിട്ടില്ല.
ഇത്തരം സ്ഫുടം ചെയ്ത മനസ്സുള്ളവര്‍ ചുരുക്കം മാത്രം. അത്തരം സജ്ജനങ്ങളുടെ ആചാരങ്ങളെ കണ്ട് ഉള്‍ക്കൊള്ളാന്‍ മനുഷ്യനു കഴിഞ്ഞാല്‍ ധര്‍മ്മം നിലനില്ക്കും. രാമായണ പാരായണത്തിന്റെ പ്രസക്തി അതുതന്നെ. ധര്‍മ്മാധര്‍മ്മങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വ്യാഖ്യാനിക്കുന്ന ഗ്രന്ഥങ്ങള്‍ കൊണ്ടു സംപുഷ്ടമാണു നമ്മുടെ സംസ്കാരം.
(കടപ്പാട്: മള്ളിയൂരിന്റെ രാമായണ ചിന്തകള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: