തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിഡ്കോ മുന്‍ സെയില്‍സ് മാനേജറും ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയെ വിജിലന്‍സ് കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 29 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ 18 മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിട്ടു.
പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം. വി. രാജ കുമാരയാണ് പ്രതിയെ ശിക്ഷിച്ചത്. 2005- 2008 കാലത്താണ് സിഡ്കോ സെയില്‍സ് എംമ്പോറിയം മാനേജറായി ചന്ദ്രമതി ജോലി നോക്കിയിരുന്നത്. ഉദ്ദേശം 25 ലക്ഷം രൂപയിലധികം അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തിത്. വരുമാനത്തിന്റെ 119 ശതമാനം അധിക സ്വത്ത് പ്രതി സമ്പാദിച്ചു എന്നാണ് വിജിലന്‍സ് കേസ്.
ചന്ദ്രമതിയുടെ പേരില്‍ ഉണ്ടായിരുന്ന സ്കോഡ കാര്‍ സഹോദരീ പുത്രന് വ്യാജ ഒപ്പിട്ട് ബാങ്ക് ഇടപാട് നടത്തിയതാണെന്ന ചന്ദ്രമതിയുടെ വാദം കോടതി അംഗീകരിച്ചില്ല. മുട്ടത്തറയിലുളള സേഫ് ഇന്‍വെസ്റ്റ്മെന്റ് സൊല്യൂഷന്‍സ് എന്നത് ചന്ദ്രമതിയുടെ ബിനാമി സ്ഥാപനമാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: