കൊച്ചി: പ്രകൃതിയെയും പുഴകളെയും മലിനമാക്കുന്നതിലൂടെ മനുഷ്യന്റെ ആരോഗ്യമാണ് ഇല്ലാതാകുന്നതെന്ന് നടന് സലിംകുമാര്‍. മനുഷ്യന് വിഷമയമാക്കുന്ന കുടിവെള്ളം മത്സ്യങ്ങളെ മാത്രമല്ല മനുഷ്യനെ കൂടി ബാധിക്കുമെന്ന ചിന്തയുണ്ടാകണമെന്നും ഈ വിഷജലം കുടിക്കുന്ന മനുഷ്യനും മീനുകളുടെ ഗതിയുണ്ടാകുമെന്ന് ഓര്‍ക്കണമെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി അമൃത ആശുപത്രിയില്‍ പുതിയതായി ആരംഭിച്ച ഹോംകെയര്‍ സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സലിംകുമാര്‍. മനുഷ്യത്വത്തിലേക്ക് നീളുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തങ്ങള്‍ കാലത്തിന്റെ അനിവാര്യതയാണെന്നും രാഷ്ട്രീയത്തിനും മതത്തിനും അതീതമായി മനുഷ്യനെ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന് ആവശ്യമെന്നും സലിം കുമാര്‍ പറഞ്ഞു.
ഹോം കെയര്‍ വാഹനത്തിന്റെ ഫഌഗ് ഓഫും ചടങ്ങില്‍ സലിംകുമാര്‍ നിര്‍വഹിച്ചു. അമൃത ആശുപത്രി സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. പ്രതാപന് നായര്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.വി ബീന, അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ്കുമാര്‍ കെ.പി, ജെറിയാട്രിക്സ് ആന്‍ഡ് ഹോം കെയര്‍ വിഭാഗം മേധാവി ഡോ.പ്രിയ വിജയകുമാര്‍, ബ്രഹ്മചാരി ഡോ. ജഗ്ഗു, ഡോ.ശോഭാനായര്‍, ഡോ. അരവിന്ദ് പേരത്തൂര്‍, ചന്ദ്രലേഖ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
കിടപ്പുരോഗികള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ആശുപത്രിയിലെത്താന്‍ കഴിയാത്തവര്‍ക്കും വീടുകളിലെത്തി പരിചരണം ലഭ്യമാക്കുന്നതാണ് അമൃത ആശുപത്രിയുടെ ഹോം കെയര്‍ പദ്ധതി. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനങ്ങള്‍ക്ക് പുറമെ രോഗികള്‍ക്ക് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, സ്ലീപ് സ്റ്റഡി ടെസ്റ്റ്, ഫിസിയോതെറാപ്പി സേവനങ്ങളും വീടുകളിലെത്തി ലഭ്യമാക്കുന്നതാണ്. ഒരു ഡോക്ടറും നഴ്സും ഹെല്‍ത്ത് അസിസ്റ്റന്റും ഓരോ ഹോം കെയര്‍ ടീമിലുമുണ്ടാകും. ആദ്യ ഘട്ടത്തില്‍ അമൃത ആശുപത്രിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗികള്‍ക്കാണ് ഹോം കെയര്‍ സേവനങ്ങള്‍ ലഭ്യമാകുക.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 വരെ ഈ സേവനം ലഭിക്കും. വിവരങ്ങള്‍ക്ക്:7994999843, 0484-2854377
പ്രതികരിക്കാൻ ഇവിടെ എഴുതുക: