ന്യൂദല്‍ഹി: ബംഗാളില്‍ 2010നുശേഷം നല്കിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കാനുള്ള കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ വിരുദ്ധമായി സംവരണം നല്കിയ മമതാ ബാനര്‍ജിക്ക് ഒരു ദിവസം പോലും മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരത്തിലെത്തിയ ഉടന്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി മമത ബംഗ്ലാദേശികള്‍ക്കും റോഹിങ്ക്യകള്‍ക്കും ഒബിസി സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നുവെന്നും ശിവരാജ്സിങ് ചൗഹാന് കുറ്റപ്പെടുത്തി. ഒരു നിയമവും പാലിക്കാതെ, 118 ജാതികളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ന്യൂനപക്ഷങ്ങള്‍ക്ക് ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു, ഇത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയത്. എന്നാലിപ്പോള്‍ കോടതി വിധിയെ അവഗണിച്ചുകൊണ്ട് പ്രീണനത്തിന് മുതിരുന്ന മമത ബാനര്‍ജി ഭരണഘടനയെ അപമാനിക്കുകയാണ്. ധാര്‍ഷ്ട്യത്തിന്റെയും അരാജകത്വത്തിന്റെയും കൊടുമുടിയിലാണ് മമതാ ബാനര്‍ജിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആദിവാസികളുടെയും അവകാശങ്ങളെക്കുറിച്ച് പറയുന്ന കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും ഒബിസി സംവരണം തട്ടിയെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നല്കി. രംഗനാഥ് മിശ്ര കമ്മിഷന് ഉള്‍പ്പെടെയുള്ളവരുടെ ശിപാര്‍ശകള്‍ ദളിതരുടെയും പിന്നാക്കക്കാരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: