ഡബ്ലിന്‍: നൈജീരിയന്‍ താരം അദെമോല ലൂക്ക്മാന്റെ ഹാട്രിക് മികവില്‍ യൂറോപ്പിലെ രണ്ടാമത്തെ വലിയ ക്ലബ്ബ് കിരീടം യൂറോപ്പ ലീഗിന് പുതിയ അവകാശികള്‍. ഇറ്റലിയില്‍ നിന്നുള്ള അറ്റ്ലാന്റ ബര്ഗമാസ്ക കാല്‍സിയോ ആണ് യൂറോപ്പലീഗിലെ പുതിയ രാജാക്കന്മാരായത് ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചുകൊണ്ട. തോല്‍പ്പിച്ചത് ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കുസനെ.
യൂറോപ്യന്‍ ക്ലബ്ബ് സീസണില്‍ ഇത്തവണ ഏറ്റവും മികച്ച കളിയിലൂടെ ആരാധകരുടെ മനം കവര്‍ന്ന ടീം ആണ് സാബി അലോന്സിയുടെ പരിശീലനത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബയെര്‍ ലെവര്കുസന്. തുടര്‍ച്ചയായി 50 വിജയങ്ങള്‍ പൂര്‍ത്തിയാക്കി വമ്പന്‍ കുതിപ്പുനടത്തിവന്ന അവരെ ഇന്നലെ ഡബ്ലിനില്‍ അറ്റ്ലാന്റെ ഇടിച്ചുനിരത്തുകയായിരുന്നു.
ജര്‍മന്‍ ലീഗ് ബുന്ദസ് ലിഗ ടൈറ്റില്‍ നേടി ചരിത്രം കുറിച്ച ലെവര്കുസന് വാസ്തവത്തില്‍ ഇത്തവണത്തെ രണ്ടാം കിരീടം നേടാനാണ് ഇന്നലെ ഇറങ്ങിയത്. ആരാധകരും ഏറെക്കുറേ ഈ ടീമിന് കിരീടം ഉറപ്പിച്ചിരുന്നു. പക്ഷെ കളി തുടങ്ങി അവസാനിക്കുമ്പോള്‍ സംഭവിച്ചത് നേരേ തിരിച്ചാണ്. അര്‍ജന്റൈന്‍ മദ്ധ്യനിരതാരം എക്സിക്വെല് പലാസിയോസിന്റെ പിഴവില്‍ നിന്നായിരുന്നു ലൂക്ക്മാന് ആദ്യ വെടിപൊട്ടിച്ചത്. സപാകോസ്റ്റയില് നിന്ന് പന്ത് സ്വീകരിച്ച ലൂക്ക്മാന് ശരവേഗത്തില്‍ പന്ത് വലയിലെത്തിച്ചു. കളിക്ക് 12 മിനിറ്റായപ്പോഴായിരുന്നു അറ്റ്ലാന്റയുടെ ആദ്യ ഗോള്‍. തുടര്‍ന്ന് കളി മുന്നേറി 26-ാം മിനിറ്റെത്തിയപ്പോള്‍ മികച്ചൊരു നീക്കത്തിലൂടെ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്സിന് പുറത്ത് നിന്ന് ലൂക്ക്മാന് തൊടുത്ത അത്യുഗ്രന്‍ ഷോട്ട് വലയില്‍ കയറി. എതിരില്ലാത്ത രണ്ട് ഗോളിന്റെ ആധിപത്യത്തില്‍ ലെവര്കുസന് ആദ്യപകുതിയില്‍ പിന്നിലായി. പക്ഷെ പല തവണ ജര്‍മന്‍ ക്ലബ്ബ് മികച്ച നീക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു ഒന്നും ഫലത്തിലേക്കെത്തുന്നില്ലെന്ന് മാത്രം.
ഇത്തവണ യൂറോപ്പ ലീഗിന്റെ പല ഘട്ടങ്ങളിലും രണ്ട് ഗോള്‍ പിന്നിലായ ശേഷം തിരിച്ചടിച്ച് വിജയം കുറിച്ച ടീം ആണ് ലെവര്കുസന്. രണ്ടാം പകുതി മത്സരം ആരംഭിക്കുമ്പോള്‍ ആത്മവിശ്വാസത്തിലായിരുന്നു അലോന്‍സോയുടെ സംഘവും ആരാധകരും. 75-ാം മിനിറ്റില്‍ കാലില്‍ കിട്ടിയ പന്തുമായി മൈതാന മദ്ധ്യത്ത് നിന്ന് സോളോ റണ്‍ നടത്തിയ ലൂക്ക്മാന് മത്സരത്തിലെ ഹാട്രിക്ക് ഗോള്‍ തികച്ചു. കളിയില്‍ എതിരില്ലാത്ത മൂന്ന് ഗോളുമായി അറ്റ്ലാന്റ മുന്നിട്ടു നിന്നു. ഇതോടെ ലെവര്സുകന് താരങ്ങല്‍ തളര്‍ന്നു. മികച്ച എതിര്‍നീക്കങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ അവര്‍ കാഴ്ച്ചവച്ചെങ്കിലും ഫിനിഷിങ്ങ് പോയിന്റില്‍ പാസിങ്ങിലെ പിഴവുകള്‍ വല്ലാതെ ബാധിച്ചു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങി. ജിയാന്‍ പിയെറോ ഗാസ്പെറിനിയും അറ്റ്ലാന്റ ടീമും ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തില്‍ ആഘോഷ നൃത്തം ചവട്ടി.
ചരിത്രത്തില്‍ ആദ്യമായാണ് അറ്റ്ലാന്റ യൂറോപ്യന്‍ കിരീടം നേടുന്നത്. ഒന്നേകാല്‍ നൂറ്റാണ്ട് കാലത്തിനിടെ ക്ലബ്ബ് നേടുന്ന രണ്ടാമത്തെ പ്രധാന കിരീടവും ഇതു തന്നെ. 1962-63 സീസണില്‍ നേടിയ കൊപ്പ ഇറ്റാലിയ മാത്രമാണ് ഇതുവരെ പറയാനുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: