മാവേലിക്കര: അസുരവാദ്യത്തില്‍ അജയ്യനായ കലാരത്നം വാരണാസി മാധവന്‍ നമ്പൂതിരിയുടെ വേര്‍പാടിന് ഇന്ന് ഇരുപത്തിരണ്ട് വര്‍ഷം പിന്നിടുന്നു. കഥകളി അരങ്ങുകളിലെ ചെണ്ടയുടെ മാസ്മരികമായ ശബ്ദ ചൈതന്യം പകര്‍ത്തിയ മഹാകലാകാരന്‍.
അരനൂറ്റാണ്ടിലധികം ചെണ്ടമേളം കൊണ്ട് പുതുതലമുറയ്‌ക്ക് ഇപ്പോള്‍ പരിചിതമായ ഫ്യൂഷന്‍ തന്നെ തീര്‍ത്ത കലാകാരനായിരുന്നു വാരണാസി. കേരള തനിമയില്‍ നിറഞ്ഞാടുന്ന കഥകളിയില്‍ ചെണ്ടവാദ്യത്തിന്റെ വടക്കന്‍ സമ്പ്രദായവും തെക്കന്‍ സമ്പ്രദായവും കഥയുടെ മര്‍മം അനുസരിച്ച്, നടന്റെ മനോധര്‍മമനുസരിച്ച് പ്രയോഗിക്കുന്നതിനുള്ള മികവ് അദ്ദേഹത്തെ കഥകളിമേള രംഗത്തെ ആചാര്യനാക്കി തീര്‍ത്തു.
തന്റെ സ്‌കൂള്‍ പഠനകാലത്ത് മേള വിദ്വാന്‍ അരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് വാരണാസി ചെണ്ട അഭ്യസിച്ച് തുടങ്ങിയത്. പിന്നീട് ഗുരുവിന്റെ നിര്‍ദേശപ്രകാരം കുളക്കട താമരശേരി നമ്പിമഠത്തില്‍ സി.ബി. പണ്ടാരത്തിലിന്റെ നേതൃത്വത്തിലുള്ള കഥകളി വിദ്യാലയത്തിലും കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ കീഴിലും ചെണ്ടമേളം അഭ്യസിച്ചു. മേളത്തോടൊപ്പം കോളജ് വിദ്യാഭ്യാസവും തുടര്‍ന്ന് വാരണാസി ചങ്ങനാശേരി എന്‍എസ്എസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും എസ് ബി കോളജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി. ഭാരതം ചുറ്റിനടന്ന് പരിപാടി അവതരിപ്പിച്ചിരുന്ന വാരണാസി മാധവന്‍ നമ്പൂതിരിയ്‌ക്ക് 1955 ല്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച കഥകളി കാണാന്‍ കുടുംബസമേതം എത്തിയ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭിനന്ദനം ഏറ്റുവാങ്ങുവാനുള്ള ഭാഗ്യവും ലഭിച്ചു.
കേരള കലാമണ്ഡലത്തില്‍ ചെണ്ട വിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച വാരണാസി, വകുപ്പ് മേധാവിയായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി, കീരിക്കാട് പുരുഷോത്തമപ്പണിക്കര്‍, കലാമണ്ഡലം രമേശ്, കലാമണ്ഡലം ശ്രീകാന്ത്, മകനും ചെണ്ട അധ്യാപകനുമായ കലാമണ്ഡലം നാരായണന്‍ വാരണാസി തുടങ്ങി, നല്ല ശിഷ്യ സമ്പത്തുള്ള വാരണാസി വിദേശ രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കലാരത്നം ബഹുമതിയടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള വാദ്യകലകാരനായിരുന്നു വാരണാസി മാധവന്‍ നമ്പൂതിരി. രണ്ട് പതിറ്റാണ്ടുകള്‍ കടന്നു പോയിട്ടും അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനായി കഥകളി പഠന ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇന്നും സഫലമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക