ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍വച്ച് പേഴ്സണല്‍ അസിസ്റ്റന്റ് വൈഭവ് കുമാറില്‍ നിന്ന് അതിക്രമം നേരിടുമ്പോള്‍ അരവിന്ദ് കേജ്രിവാള് വീട്ടിലുണ്ടായിരുന്നെന്ന് ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മാലിവാള്‍. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് സ്വാതിയുടെ ഈ വെളിപ്പെടുത്തല്‍. കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വസതിയില്‍വച്ച് ക്രൂരമായ മര്‍ദനമേറ്റ് താന്‍ നിലവിളിച്ചു. ആരും പിന്തുണച്ചില്ല. ആരും രക്ഷിക്കാനെത്തിയില്ല. എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും ദല്‍ഹി പോലീസ് അന്വേഷിക്കണം. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ പൂര്‍ണഭാഗം എവിടെയാണെന്നും അവര്‍ ചോദിച്ചു.
താന്‍ പോലീസിനെ വിളിക്കുന്നത് കണ്ടതോടെയാണ് വൈഭവ് സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചത്. അവര്‍ എത്തിയതോടെ വൈഭവ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചു. 10 മിനിറ്റുവരെയുള്ള ഈ വീഡിയോയില്‍ തന്നെ ചവിട്ടുകയും തല്ലുകയും ചെയ്ത കാര്യം പറയുന്നുണ്ട്.
താന്‍ ദേഷ്യപ്പെടുന്ന ഭാഗം മാത്രമാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത്. വൈഭവ് തന്നെയാണ് വീഡിയോ ചിത്രീകരിക്കുന്നതെന്ന് അറിയാമായിരുന്നു. ഈ വീഡിയോയുടെ പൂര്‍ണഭാഗം എവിടെ. ഇത്രയും പ്രധാനപ്പെട്ട ഒരു വീഡിയോ അവരുടെ പക്കലുണ്ടായിട്ടും എന്തുകൊണ്ടാണ് അവര്‍ അത് പോലീസിന് നല്‍കാത്തതെന്നും സ്വാതി ചോദിച്ചു.
എന്തുകൊണ്ടാണ് പാര്‍ട്ടി മുഴുവന്‍ വൈഭവിനെ പിന്തുണച്ച് രംഗത്തെത്തിയതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത് എന്റെ പാര്‍ട്ടിയാണ്. നമ്മുടെ വിയര്‍പ്പും ചോരയും കൊണ്ടുണ്ടാക്കിയ പാര്‍ട്ടി. ഇന്ന് ഞാന്‍ തനിച്ചാണ്, ദുഃഖിതയാണെണ്. കേസില്‍ താന്‍ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്കാന് ഉദ്ദേശിക്കുന്നില്ല. നുണപരിശോധനയ്ക്ക് തയ്യാറാണ്. കാര്യക്ഷമമായ അന്വേഷണം വേണമെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: