ചേര്‍ത്തല: ഒപ്പിടാന്‍ അധികാരമുള്ള സ്ഥാനങ്ങളെല്ലാം മതന്യൂനപക്ഷങ്ങളുടെ കൈപ്പിടിയിലായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഉന്നത വിദ്യാഭ്യാസം, ഉദ്യോഗതലങ്ങള്‍ നൂനപക്ഷത്തിന്റെ കൈപ്പിടിയിലാകുകയും ഈഴവ സമൂഹം പിന്നാക്കം പോകുകയും ചെയ്തു.
ശ്രീനാരായണ പെന്‍ഷണേഴ്സ് കൗണ്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ത്രിദിന റസിഡന്‍ഷ്യല്‍ സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുകള്‍ വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിവിധ തലങ്ങളില്‍ സ്കോളര്‍ഷിപ്പ് അനുവദിക്കുമ്പോള്‍ നാം പൂര്‍ണമായി അവഗണിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പെന്‍ഷനേഴ്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഗുരുവിദ്യാനിധി പദ്ധതിയുടെ പ്രഖ്യാപനവും ആദ്യഗഡു ഏറ്റു വാങ്ങലും ജനറല്‍ സെക്രട്ടറി നിര്‍വഹിച്ചു. സമര്‍ത്ഥരായ കുട്ടികളെ കൈപിടിച്ചുയര്‍ത്താനുള്ള ഗുരുവിദ്യാനിധി പദ്ധതിയിലേയ്ക്ക് എസ്എന്‍ഡിപി യോഗത്തിന്റെ വകയായി അഞ്ചു ലക്ഷം രൂപയും പ്രഖ്യാപിച്ചു.
എസ്എന്‍പിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ.എം. സജീവ് അധ്യക്ഷനായി. യോഗം കൗണ്‍സിലര്‍മാരായ പി.കെ. പ്രസന്നന്, സി.എം. ബാബു, പി.എസ്.എന്‍. ബാബു, കണിച്ചുകുളങ്ങര യൂണിയന് പ്രസിഡന്റ് വി.എം. പുരുഷോത്തമന് എന്നിവര്‍ പങ്കെടുത്തു. അഡ്വ.എം.എന്‍. ശശിധരന് സ്വാഗതവും പി.കെ. വേണുഗോപാല്‍ നന്ദിയും പറഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: