ബിജാപൂര്‍: ഛത്തീസ്ഗഡ് ബീജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം ഏഴ് നക്സല്‍ ഭീകരരെ വധിച്ചു. ബീജാപൂര്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശമായ നാരായണ്‍പൂരില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് നക്സല്‍ ഭീകരര്‍ കൊല്ലപ്പെട്ടത്.
ദന്തേവാഡയിലും ബീജാപൂരിലും നക്സല്‍ ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തെരച്ചില്‍ നടത്തിവരികയായിരുന്നു. നക്സലുകള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയും തിരിച്ചടിക്കുകയുമായിരുന്നു. മരിച്ച നക്സലുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തി വരികയാണ്.
ഈ മാസം 10നും സുരക്ഷാ സൈന്യം ബിജാപൂരില്‍ 12 നക്സലുകളെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഏറ്റുമുട്ടലിന്റെ ഭാഗമായ സുരക്ഷാ സൈന്യത്തെ മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അഭിനന്ദിച്ചു. ഡബിള്‍ എന്ജിന് സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഛത്തീസ്ഗഡിലെ നക്സല്‍ ഭീകരത തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നക്സല്‍ ഭീകരര്‍ക്കെതിരെ ശക്തമായ നടപടികളാണ് നമ്മള് കൈക്കൊള്ളുന്നതെന്നും വിഷ്ണു ദേവ് സായി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: